കോഴിക്കോട്: മെഡിക്കൽ കോളേജിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച വരുത്താതെ തന്നെ രോഗികളുടെയും പരിസരവാസികളുടെയും സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കാളാണ്ടിത്താഴം ജംഗ്ഷനിൽ നിന്നാരംഭിച്ച് ഡെന്റൽ കോളേജ് വരെയെത്തുന്ന നാലരമീറ്റർ വീതിയുള്ള ടാർ റോഡ് ചുറ്റുമതിൽ നിർമ്മിച്ച് അടയ്ക്കാനുള്ള മെഡിക്കൽ കോളേജിന്റെ നീക്കം പരിസരവാസികൾക്ക് യാത്രാസൗകര്യം നിഷേധിക്കാൻ കാരണമാകുമെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു.
മെഡിക്കൽ കോളേജ് കോമ്പൗണ്ട് റോഡിന് ഇരുവശവും ചുറ്റുമതിൽ നിർമ്മിച്ച് സംരക്ഷിക്കാമെന്നും അതുവഴി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ മെഡിക്കൽ കോളേജ് കാമ്പസ് സുരക്ഷിതമാക്കാമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
റോഡ് മതിൽകെട്ടി അടയ്ക്കണമെന്ന് മെഡിക്കൽ കോളേജും അടയ്ക്കരുതെന്ന് നാട്ടുകാരും നിലപാട് സ്വീകരിച്ചതിനാൽ കമ്മീഷൻ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.മെഡിക്കൽ കോളേജ് ചുറ്റുമതിൽ നിർമ്മാണത്തിന്റെ ഭാഗമായി കുരുവട്ടൂർ മൂഴിക്കൽ, മെഡിക്കൽ കോളേജ് റോഡ് എന്നിവിടങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ അടച്ചുകെട്ടി റോഡിന്റെ ഗതിമാറ്റി രോഗികളെയും പരിസരവാസികളെയും ബുദ്ധിമുട്ടിക്കുന്നതിനെതിരെ പൊൻകതിർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വേലായുധൻ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്.
വിഷയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ കർശന നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ കമ്മീഷൻ അംഗം കെ. ബൈജുനാഥ് 2022 ഡിസംബർ 19 ന് സ്ഥലം സന്ദർശിച്ചു. എന്നിട്ടും സമവായം ഉണ്ടാകാത്തതിനെതുടർന്ന് അഡ്വ. ലിജി ജോണിനെ അഡ്വക്കേറ്റ് കമ്മീഷനായി മനുഷ്യവാവകാശ കമ്മീഷൻ നിയോഗിച്ചു.
റോഡ് അടയ്ക്കുന്നത് ശരിയല്ലെന്ന നിലപാടാണ് അഡ്വക്കേറ്റ് കമ്മീഷനും സ്വീകരിച്ചത്.
മതിൽ നിർമ്മാണം പൂർത്തിയായാൽ ആമ്പുലൻസുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സാഹചര്യം ഇല്ലാതാകുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഉദ്ദേശ്യം രോഗികളുടെ ജീവൻ നിലനിർത്തുക എന്നതാണ്. ആശുപത്രികളുടെ ആത്യന്തിക ലക്ഷ്യം മനുഷ്യാവകാശ സംരക്ഷണമാണെന്നും റോഡ് അടച്ച് മതിൽ കെട്ടുന്നത് പ്രദേശവാസികളെ മാത്രമല്ല രോഗികളെയും ബാധിക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇരു കക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ സമവായം ഉണ്ടാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അതുവരെ തൽസ്ഥിതി തുടരണം. ചീഫ് സെക്രട്ടറി 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു
9447694053
23/04/2024