KERALAlocaltop news

ഒരേയൊരിന്ത്യ, ഒരായിരം രുചികള്‍ “ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ട്24” മേയ് 3 മുതൽ കോഴിക്കോട്ട്

 

കോഴിക്കോട് : ഇന്ത്യൻ ഭക്ഷ്യവൈവിദ്ധ്യങ്ങളുടെ സമൃദ്ധി ആഘോഷിക്കുന്ന, രുചിയുടെ ബഹുസ്വരതകളിൽ ഐക്യത്തിന്റെ പെരുമ ഉൾക്കൊള്ളുന്ന മഹാരുചിമാമാങ്കത്തിന് കോഴിക്കോട് നഗരം ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയുടെ വടക്ക് കാശ്മീർ മുതൽ തെക്ക് കേരളം വരെ പരന്നു കിടക്കുന്ന, ഇരുപത്തിയഞ്ച് പ്രധാന നഗരങ്ങളിൽ നിന്നുള്ള പാചക കലാകാരന്മാർ തയ്യാറാക്കുന്ന പരമ്പരാഗതവും നൂതനവുമായ രുചികളുടെ പ്രദർശിപ്പിക്കുന്ന വേദിയാണ് ‘ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ട് 24’.

കാലിക്കറ്റ് ട്രേഡ് സെന്ററിൽ മെയ് 3 മുതൽ 12 വരെ നടക്കുന്ന സ്വാദിന്റെ ഈ മഹാസർഗവൈഭവം ഒരുക്കിയിരിക്കുന്നത് “ഈറ്റോപ്പിയ ഇവന്റേഴ്സ് ”, “ഗ്രേറ്റർ മലബാർ ഇനീേഷ്യറ്റീവ്” എന്നിവർ ചേർന്നാണ്.                                                 ടൂറിസം  മന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ എം പിമാർ, എം എൽ എമാർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക നല്ല രംഗത്തെ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുക്കും.

കേവലമൊരു ഫുഡ് ഫെസ്റ്റിവല്‍ എന്നതിനപ്പുറം വ്യത്യസ്തസംസ്കാരങ്ങളെ ഒരുമിപ്പിക്കാനുള്ള ഭക്ഷണത്തിന്റെ ശക്തിയെ അടിവരയിട്ടുറപ്പിക്കാനാണ് പരിപാടിയിലൂടെ തങ്ങൾ ശ്രമിക്കുന്നത് എന്ന് മുഖ്യസംഘാടകരായ ‘ഈറ്റോപ്യ ഇവന്റേഴ്‌സിന്റെ’ ഡയറക്ടർ മുഹമ്മദ് ഹനീഫ വ്യക്തമാക്കി.

കാശ്മീർ, ഡൽഹി, ലഖ്‌നൗ, ഹൈദരാബാദ്, കൊൽക്കത്ത, ഭഗൽപൂർ, ഹരിദ്വാർ, അമൃത്സർ, ഭോപ്പാൽ, ജയ്പൂർ, ചമ്പാരൻ, ലക്ഷദ്വീപ്, അഹമ്മദാബാദ്, രാംപൂർ, അംരോഹ, അലിഗഡ്, മലേർകോട്‌ല തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ രുചിമാന്ത്രികര്‍ പരിപാടിയുടെ ഭാഗമായി കോഴിക്കോടെത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരത്തിന്റെ ലോക ഭൂപടത്തിൽ ഇന്ത്യയെ ഭക്ഷണത്തെ മുൻനിർത്തി സവിശേഷമായി അടയാളപ്പെടുത്താനും ഇന്ത്യൻ ഭക്ഷണ വൈവിധ്യങ്ങളുടെ തനിമ ചോരാതെയുള്ള ആസ്വാദനം സാധ്യമാക്കാനുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത് എന്ന്
മറ്റൊരു സംഘാടകരായ ജി.എം.ഐ പ്രസിഡന്റ്‌ പി സി അബ്ദുൽ റഷീദ് പറഞ്ഞു.

ഇന്ത്യയിലെ നാനാകോണിലെയും വ്യത്യസ്ത പാചക രീതികളെയും ഭക്ഷണസംസ്കാരങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്നതിലൂടെ രാജ്യത്തിന്റെ മഹത്തായ ഭക്ഷണ പാരമ്പര്യത്തെ ആഘോഷിക്കാനും വ്യത്യസ്ത പ്രദേശങ്ങൾ തമ്മിൽ ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ കൊടുക്കൽ വാങ്ങലുകളെ ഉയർത്തിക്കാട്ടാനുമാണ് പരിപാടി ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

വ്യത്യസ്ത സാമൂഹിക- സാംസ്കാരിക പരിപാടികൾ, സംഗീത നിശകൾ, അക്കാദമിക-സാഹിത്യ ചർച്ചകൾ, ഫുഡ് ഫോട്ടോഗ്രാഫി പ്രദർശനം, ലൈവ് കുക്കറി ഷോകൾ, കുട്ടികളുടെ ഫാഷൻ ഷോ, ലിറ്റിൽ ഷെഫ് ഷോ, പാചക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഷെഫുമാരെ ആദരിക്കൽ, തത്സമയ ചിത്രകല, ഫുഡ് വാക്ക്, ഫുഡ് വ്ലോഗേർസ് സമ്മിറ്റ് എന്നിവ ഗ്രേറ്റ്‌ ഇന്ത്യൻ ഫുഡ് ആർട്ടിന്റെ പ്രധാന ആകർഷണങ്ങളാണ്.

ലോകമെമ്പാടുമുള്ള ഭക്ഷണ പ്രേമികൾക്ക് ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ടിന്റെ വേദിയിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close