KERALAlocaltop news

റോഡിന്റെ ഇടതുഭാഗം താസപ്പെടുത്തരുത്: മനുഷ്യാവകാശ കമ്മീഷൻ

 

 

കോഴിക്കോട്: ജംഗ്‌ക്ഷനുകളിലെ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിയുമ്പോൾ ഇടതുഭാഗത്തേക്ക് തടസ്സമില്ലാതെ കടന്നുപോകാവുന്ന സൗകര്യം ഇതര വാഹനങ്ങൾ തടയരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഇത്തരത്തിൽ ഗതാഗതം തടയുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് ആർ.റ്റി. ഒയും സിറ്റി പോലീസ് കമ്മീഷണറും ഇത്തരം ഗതാഗത നിയമലംഘനങ്ങൾ പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകണം. മേയ് 17 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

എരഞ്ഞിപ്പലം, കാരാപറമ്പ് , തൊണ്ടയാട്, ക്രിസ്ത്യൻ കോളേജ് ജം, ചേവരമ്പലം , പുതിയറ , മാവൂർ റോഡ് ജം, എന്നിവിടങ്ങളിലെ ട്രാഫിക് ലൈറ്റിൽ ചുവപ്പ് തെളിയുമ്പോൾ ചില വാഹനങ്ങൾ ഇടതു ഭാഗം ചേർത്തു നിർത്തി വഴി തടസപ്പെടുത്തുന്നുവെന്ന പരാതിയിലാണ് നടപടി. ഇക്കാരണത്താൽ ചുട്ടുപൊള്ളുന്ന വെയിലിൽ ഇരുചക്ര വാഹന യാത്രക്കാർ പെട്ടു പോകുന്നു. ജംഗ്‌ക്ഷനിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. സിവിൽ സ്റ്റേഷനിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഇടതുവശം ചേർത്ത് നിർത്തി ഗതാഗതം മുടക്കുന്നതും പതിവാണ്. ഇത്തരത്തിൽ എല്ലാ ജംഗ്ഷനുകളിലും നിയമലംഘനം നടക്കുന്നുവെന്നാണ് പരാതി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ആൾ നൂഴിയിലൂടെ വയോധികൻ വീണതിലും നടപടി

തകർന്ന ആൾനൂഴിയിൽ താൽക്കാലികമായി അടച്ച പ്ലൈവുഡ് ഷീറ്റ് പൊട്ടി വയോധികൻ ഓടയിൽ വീണ സംഭവത്തിൽ നഗരസഭാ ഉദ്യേഗസ്ഥർ നടത്തിയത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നടപ്പാതകൾ അപകടരഹിതമായി സൂക്ഷിക്കുന്ന കാര്യത്തിൽ നഗരസഭയുടെ ഭാഗത്ത് ഗുരുതരമായ ക്യത്യ വിലോപമുണ്ടെന്നും ആക്റ്റിങ് ചെയർപേഴ്സൻ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് മേയ് 17 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

മാവൂർ റോഡിൽ ഇന്ത്യൻ കോഫി ഹൗസിന് സമീപമുള്ള നടപ്പാതയിലെ ആൾ നൂഴിക്ക് മുകളിലുള്ള പ്ലൈവുഡ് പൊട്ടിയാണ് വയോധികൻ വീണത്. നാട്ടുകാരാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ചരക്കുലോറി കയറിയാണ് ആൾ നൂഴി പൊട്ടിയത്. ഇത് നന്നാക്കാതെ നഗരസഭാ ഉദ്യോഗസ്ഥർ പ്ലൈവുഡ് കൊണ്ട് അടയ്ക്കുകയായിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close