KERALAlocaltop news

എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കണം: എസ്ഡിപിഐ

 

കോഴിക്കോട് : നിർദിഷ്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ തന്നെ സ്ഥാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തിൽ ആരോഗ്യ രംഗത്ത് പിന്നാക്കം നിൽക്കുന്ന മേഖല മലബാർ ആണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആണ് മലബാറിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ആശുപത്രി. രോഗികളെ കൊണ്ട് വീർപ്പ്മുട്ടുന്ന സാഹചര്യം ആണ് ഇവിടെ ഉള്ളത്. മെഡിക്കൽ വിദ്യാർത്ഥികൾക്കും എയിംസ് ഒരു പ്രതീക്ഷയാകും.

മലബാറിന്റെ ആരോഗ്യ തലസ്ഥാനമായി നിർദിഷ്ട എംയിസ് മാറുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ജനപ്രതിനിധികളും. നിലവിൽ കേരളത്തിലും കർണാടകയിലും മാത്രമാണ് കേന്ദ്രസർക്കാർ എയിംസ് അനുവദിക്കാത്തത്. 10 വർഷം മുമ്പാണ് കേന്ദ്രം കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തത്. ഇതിന്റെ ഭാഗമായി 150 ഏക്കർ സ്ഥലം ബാലുശ്ശേരിയിലെ കിനാലൂരിൽ സർക്കാർ ഏറ്റെടുത്തു നൽകി. 100 ഏക്കർ സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്ര സംഘത്തിന്റെ ആദ്യ സന്ദർശനത്തിൽ തൃപ്തികരമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സുരേഷ് ഗോപിയുടെ നിരന്തരമായ പ്രസ്താവനകൾ കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഭരണമേഖലയിലും നിയമ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും അവഗണന നേരിടുന്ന കോഴിക്കോടിന് പ്രതീക്ഷ നൽകുന്നതാണ് ആരോഗ്യ മേഖലയിൽ എയിംസ് ലഭ്യമാക്കുക എന്നുള്ളത്. സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും അനുവദിക്കണമെന്നതും ജനങ്ങളുടെ നിരന്തരമായ ആവശ്യമാണ്. മലബാറിന്റെ സമഗ്ര വികസനത്തിന് മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണമെന്നും എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തണമെന്നും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ കെ ജലീൽ സഖാഫി,വാഹിദ് ചെറുവറ്റ, ജനറൽ സെക്രട്ടറിമാരായ എൻ കെ റഷീദ് ഉമരി, എ പി നാസർ, സെക്രട്ടറിമാരായ പി ടി അഹമ്മദ്,കെ ഷെമീർ, ട്രഷറർ ടി കെ അബ്ദുൽ അസീസ് മാസ്റ്റർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ അബ്ദുൽ കയ്യും, കെ കെ നാസർ മാസ്റ്റർ, ഷറഫുദ്ദീൻ വടകര എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close