തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനാണ് മുന്നണി പ്രഥമപരിഗണന നല്‍കുന്നത്. അതേസമയം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി വരുന്നത് ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
ഷാഫി പറമ്പിലിന് പകരം രാഹുല്‍ എന്ന നിലയില്‍ ഷാഫിയുടെ വിശ്വസ്തനായ രാഹുല്‍ മാങ്കൂട്ടതിത്തിലിനെ കളത്തിലിറക്കാനായിരിക്കും യു.ഡി.എഫ് പദ്ധതി. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കള്‍ പിന്തുണച്ചുവെന്നാണ് വിവരം. പാലക്കാടുമായി ബന്ധപ്പെട്ട് മറ്റ് പേരുകളൊന്നും നിലവില്‍ യു.ഡി.എഫിന്റെ മുന്നിലില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും രമ്യാ ഹരിദാസ് പിടിച്ച വോട്ടുകള്‍ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും കളത്തിലിറക്കുന്നതിനെക്കുറിച്ച് യു.ഡി.എഫ് ആലോചിക്കുന്നത്. 35,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണന്‍ വിജയിച്ചത്. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 8,798 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും മത്സരിച്ച സി.സി ശ്രീകുമാറിന്റെ പേരും യു.ഡി.എഫിന്റെ പരിഗണനയിലുണ്ട്.