പൂവ്വാട്ടുപറമ്പ്: നാളികേര കർഷകരെ സംരക്ഷിക്കാൻ കൊപ്ര സംഭരണം കാര്യക്ഷമമാക്കണമെന്ന് കർഷക കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം നേതൃത്വ യോഗം ആവിശ്യപ്പെട്ടു. നാളികേരകർഷകരെ സംരക്ഷിക്കേണ്ട സർക്കാർ കൊപ്ര സംഭരണത്തിൻ്റെയും പച്ചതേങ്ങ സംഭരണത്തിൻ്റെയും പേരിൽ കർഷകരെ വഞ്ചിക്കുകയാണെന്നും ഇതുവരെ സംഭരിച്ചതിൻ്റെ ലക്ഷകണക്കിന് രൂപയാണ് കർഷകർക്ക് നൽകാനുള്ളതെന്നും ഇത് എത്രയും പെട്ടന്ന് കൊടുത്ത് തീർക്കുകയും സംഭരണം കാര്യക്ഷമമാക്കണമെന്നും കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡൻ്റ് ഇ.കെ. നിധീഷ് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻ്റ് അഡ്വ. ബിജു കണ്ണന്തറ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണുഗോപാലൻ നായർ, കെ.സി. ഇസ്മാലുട്ടി, ജില്ല വൈസ് പ്രസിഡൻ്റ് സി.എം. സദാശിവൻ, ജില്ല ജന. സെക്രട്ടറി കമറുദ്ധീൻ അടിവാരം,പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗം വിനോദ് എളവന, സജിനി, ജുബിൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു.