INDIAPoliticstop news

വൈഎസ്ആര്‍സിപിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു; ടിഡിപിയുടേത് പ്രതികാര നടപടിയാണെന്ന് പാര്‍ട്ടി

ഹൈദരാബാദ്: വൈഎസ്ആര്‍സിപിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. താഡേപ്പള്ളിയില്‍ പണിയുന്ന പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ഓഫീസാണ് തകര്‍ത്തത്. ആന്ധ്രാപ്രദേശ് തലസ്ഥാനമേഖല വികസന അതോറിറ്റിയും (എപിസിആര്‍ഡിഎ) മംഗലഗിരി താഡേപള്ളി മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതുമാണ് നടപടി. അനധികൃതമായി കയ്യേറിയ ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണം എന്നാരോപിച്ചാണ് നടപടി. ഇന്ന് രാവിലെയാണ് സംഭവം.

ടിഡിപിയുടേത് പ്രതികാര നടപടിയാണെന്ന് വൈഎസ്ആര്‍സിപി ആരോപിച്ചു. എപിസിആര്‍ഡിഎയുടെ പ്രാഥമിക നടപടിക്കെതിരെ പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കെട്ടിടം തകര്‍ത്തത്. ഇത് പ്രതികാര നടപടിയല്ലാതെ മറ്റെന്താണെന്ന് വൈഎസ്ആര്‍സിപി ചോദിച്ചു.

വാദം പൂര്‍ത്തിയാകുന്നത് വരെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനും എപിസിആര്‍ഡിഎയ്ക്കും എംടിഎംസിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച്ച വൈഎസ്ആര്‍സിപി ഗുണ്ടൂര്‍ ജില്ലാ അധ്യക്ഷന്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് വാദം പൂര്‍ത്തായാകുന്നത് വരെ കെട്ടിടം പൊളിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെ മറികടന്നാണ് ടിഡിപി നീക്കമെന്നും കോടതിയലക്ഷ്യമാണെന്നുമാണ് വൈഎസ്ആര്‍സിപി ആരോപിക്കുന്നത്.

മുഖ്യമന്ത്രി ചന്ദ്രശേഖര റാവും സ്വേച്ഛാധിപതിയായെന്ന് മുന്‍ മന്ത്രി വൈഎസ്ആര്‍സിപി അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് രക്തംചീന്താനുള്ള ശ്രമമാണ് ചന്ദ്രബാബു നായിഡു നടത്തുന്നതെന്നും റെഡ്ഡി പ്രതികരിച്ചു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close