ഇടുക്കി: കാട്ടാനശല്യം രൂക്ഷമായതോടെ ഭയന്ന് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കി പ്ലാക്കത്തടത്തുള്ളവര്‍. ഒരാഴ്ചയിലധികമായി ആറ് ആനകള്‍ അടങ്ങുന്ന സംഘമാണ് പ്ലാക്കത്തടത്ത് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഭീതി പരത്തുന്നത്.
പീരുമേട് ഗ്രാമപഞ്ചായത്തിലെ വിദൂര ആദിവാസി മേഖലയാണ് പ്ലാക്കത്തടം.
90 ഓളം കുടുബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വനത്താല്‍ ചുറ്റപ്പെട്ട പ്ലാക്കത്തടത്ത് കഴിഞ്ഞ അഞ്ചു വര്‍ഷമായി കാട്ടാന ശല്യം രൂക്ഷമാണ്. മുന്‍പ് വല്ലപ്പോഴും ഒന്നും രണ്ടും ആനകളാണ് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ വിവിധ കൂട്ടങ്ങളായാണ് വീടുകള്‍ക്ക് സമീപവും കൃഷിയിടങ്ങളിലും എത്തുന്നതും ഏക വരുമാന മാര്‍ഗ്ഗമായ കൃഷി ഇല്ലാതാക്കുന്നതും. കഴിഞ്ഞ ദിവസവും വിളവെടുക്കാറായ കവുങ്ങും തെങ്ങും നശിപ്പിച്ചു. കുരുമുളകും ഏലവുമൊക്കെ ചവിട്ടി ഒടിച്ചു.
രാത്രി കാലത്ത് സമീപത്തെ വീടുകളിലേക്ക് ആത്യാവശ്യങ്ങള്‍ക്ക് പോലും പോകാന്‍ കഴിയുന്നില്ല. വേനല്‍ കടുത്ത സമയത്ത് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതാണ് ആനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് എത്തിയതെന്നായിരുന്നു വനപാലകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മഴ ശക്തമായിട്ടും ഇവ കാട്ടിലേക്ക് മടങ്ങുന്നില്ല. കാട്ടാനശല്യം രൂക്ഷമായപ്പോള്‍ ഇവയെ തിരികെ കാട്ടിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് ഉറപ്പു നല്‍കിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഒന്നുമുണ്ടായില്ല.