കോഴിക്കോട്: കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാതിരുന്നത് എം.ടി. വാസുദേവന്‍ നായരുടെ സാന്നിധ്യമുണ്ടാവുമെന്നതിനാലാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം.
അന്താരാഷ്ട്ര പ്രശസ്തി കോഴിക്കോടിന് ലഭിക്കുന്ന യുനെസ്‌കോ സാഹിത്യനഗര പദവിപ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം.ടി. വാസുദേവന്‍ നായരെ അപമാനിക്കുന്നതാണെന്ന് യു.ഡി.എഫ്. കെ.സി. ശോഭിതയും ഡെപ്യൂട്ടി കെ. മൊയ്തീന്‍ കോയയും അഭിപ്രായപ്പെട്ടു.
സാഹിത്യനഗരം പദവി പ്രഖ്യാപനത്തില്‍ സാഹിത്യകാരന്മാര്‍ക്ക് പ്രാധാന്യംനല്‍കാത്ത സമീപനമാണ് ഉണ്ടായതെന്ന് ബി.ജെ.പി. കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യ ഹരിദാസ് ആരോപിച്ചു.
എട്ടുമാസം മുന്‍പ് യുനെസ്‌കോ സാഹിത്യനഗരമായി കോഴിക്കോടിനെ തിരഞ്ഞെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ സൗകര്യംമാത്രം നോക്കിയാണ് ഇപ്പോഴത്തെ പരിപാടി സംഘടിപ്പിച്ചത്. എന്നിട്ടും പരിപാടിയില്‍ പങ്കെടുക്കാനോ പ്രഖ്യാപനംനടത്താനോ തയ്യാറാകാതെപോയ മുഖ്യമന്ത്രിയുടെ സമീപനം ധിക്കാരപരമാണെന്നും ബി.ജെ.പി. കൗണ്‍സില്‍ പാര്‍ട്ടി ആരോപിച്ചു.
കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എം.ടി. നടത്തിയ അധികാരവിമര്‍ശനത്തോടുള്ള പ്രതികാരമായാണ് പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. ചടങ്ങില്‍ എം.ടി.യും പങ്കെടുത്തില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് എം.ടി. സംഘാടകരെ അറിയിച്ചത്.
പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുത്തെങ്കിലും വേദിയിലിരിക്കാന്‍ തയ്യാറാവാതെ യു.ഡി.എഫ്. പ്രതിനിധികള്‍ ഇക്കാര്യത്തില്‍ പ്രതിഷേധം പരസ്യമാക്കുകയും ചെയ്തു. യു.ഡി.എഫ്. കുപ്രചാരണങ്ങള്‍ക്ക് എം.ടി.യെ കരുവാക്കുകയാണെന്നായിരുന്നു ഇതിനുള്ള മന്ത്രി രാജേഷിന്റെ പ്രതികരണം.