KERALAOtherstop news

കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അമ്പിളി

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പ്രതി അമ്പിളിയുടെ മൊഴിയില്‍ കൊലപാതകം ക്വട്ടേഷനെന്ന് കുറ്റം സമ്മതിച്ചതായി സൂചന. ക്വട്ടേഷന്‍ നല്‍കിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറെന്നും കൊലയ്ക്ക് ഉപയോഗിച്ച മാസ്‌കും കത്തിയും നല്‍കിയത് ഇയാളെന്നും പ്രതി മൊഴി നല്‍കി. ഇയാള്‍ക്കായി നെയ്യാറ്റിന്‍കരയിലും പാറശാലയിലുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

അതേസമയം, അമ്പിളി കുറ്റംസമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് അന്വേഷണ സംഘം. ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അമ്പിളിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്. അമ്പിളിയുടെയും കൊല്ലപ്പെട്ട ദീപുവിന്റെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇവരുമായി ബന്ധപ്പെട്ട ആളുകളെയും ഇന്ന് ചോദ്യം ചെയ്‌തേക്കും.

കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിലും ചില വൈരുധ്യങ്ങള്‍ ഉണ്ടെന്നാണ് വിവരം. അമ്പിളിയുടെ വീടായ മലയത്തും കാറില്‍ കയറിയ നെയ്യാറ്റിന്‍കരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷണത്തിലാണ് പൊലീസ്. ദീപുവിന്റെ കുടുംബം പറയുന്നത് ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയുണ്ടെന്നാണ്. ദീപുവിന് അങ്ങനെ വന്ന കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷ നല്‍കാനാണ് തീരുമാനം. കൊലപാതകത്തിന്റ പൂര്‍ണ്ണ ചിത്രം തെളിയാന്‍ സമയമെടുക്കും എന്നാണ് തമിഴ്‌നാട് പൊലീസ് അറിയിക്കുന്നത്.

തിങ്കളാഴ്ച രാത്രി 11 ഓട് കൂടി അമിത ശബ്ദത്തില്‍ ഇരമ്പിച്ച് കൊണ്ട് റോഡരികില്‍ നില്‍ക്കുന്നത് കണ്ട് കാര്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രങ്ങളുടെ വര്‍ക്ക്‌ഷോപ്പും സ്‌പെയര്‍ പാര്‍ട്‌സ് കടയും നടത്തുന്ന ആളാണ് ദീപു. മണ്ണുമാന്തിയന്ത്രം വാങ്ങാന്‍ കോയമ്പത്തൂരിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ ദീപു വീട്ടില്‍നിന്ന് ഇറങ്ങിയത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close