INDIALOKSABHA 2024Politicstop news
ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍
ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ആശയം ഉചിതമാണെന്ന് താന്‍ കരുതുന്നില്ല. .പിടിഐയോട് സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അമര്‍ത്യാസെന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരണം നടത്തിയത്.
ഒരുപാട് പണം ചെലവഴിച്ച് രാമക്ഷേത്രം നിര്‍മിച്ചത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ അത് മഹാത്മഗാന്ധിയുടേയും രവീന്ദ്രനാഥ ടാഗോറിന്റേയും സുഭാഷ് ചന്ദ്രബോസിന്റേയും രാജ്യത്ത് നടക്കില്ല. ഇന്ത്യയുടെ യഥാര്‍ത്ഥ സ്വത്വത്തെ മാറ്റാനുള്ള ശ്രമങ്ങളെയെല്ലാം രാജ്യം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര ഭരണഘടനയുള്ള ഒരു മതേതര രാഷ്ട്രമാണ് ഇന്ത്യയെന്നും അമര്‍ത്യാസെന്‍ പറഞ്ഞു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നമ്മള്‍ മാറ്റം പ്രതീക്ഷിക്കും. കഴിഞ്ഞ തവണത്തെ ബിജെപി സര്‍ക്കാര്‍ വിചാരണ പോലും ഇല്ലാതെയാണ് നിരവധി പേരെ തടവിലിട്ടത്. ബിജെപി സര്‍ക്കാറിന്റെ കാലത്ത് പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വര്‍ധിച്ചു. അത് ഇല്ലാതാക്കണമെന്നും അമര്‍ത്യാസെന്‍ ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിക്ക് കീഴിലുള്ള മൂന്നാം മോദി സര്‍ക്കാരിന്റെ മന്ത്രി സഭയെ കുറിച്ചുള്ള തന്റെ അഭിപ്രായവും അമര്‍ത്യാസെന്‍ പങ്ക് വെച്ചു. നേരത്തെയുണ്ടായിരുന്ന മന്ത്രിസഭയുടെ കോപ്പിയാണ് ഇപ്പോഴത്തേത്. പ്രധാന വകുപ്പുകളുടെ ചുമതലയില്‍ മാറ്റം വന്നിട്ടില്ല. ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും അമര്‍ത്യാസെന്‍ കൂട്ടിച്ചേര്‍ത്തു.