top news
ഹഥ്‌റാസ് ദുരന്തം; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
ഹാഥ്‌റസ്: 121 പേര്‍ മരിച്ച ഹാഥ്‌റസ് ദുരന്തത്തില്‍ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, തഹ്സില്‍ദാര്‍, ഒരു സര്‍ക്കിള്‍ ഓഫീസര്‍ എന്നിവരെ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശയിന്മേലാണ് നടപടി.
അതേസമയം പ്രത്യേക അന്വേഷണ സംഘം ഹാഥ്‌റസ് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ പരിപാടിക്ക് നേതൃത്വം നല്‍കിയ ആള്‍ദൈവം ഭോലെ ബാബയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സംഭവശേഷം ഇപ്പോഴും ഒളിവിലുള്ള ഭോലെ ബാബ കഴിഞ്ഞ ദിവസം ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ദുരന്തം വിഷമിപ്പിച്ചെന്നും താന്‍ കടുത്ത വിഷാദത്തിലാണെന്നും പിന്നില്‍ സാമൂഹിക വിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും ഭോലെ ബാബ പ്രതികരിച്ചിരുന്നു. അതേ സമയം ഹാഥ്‌റാസ് ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിച്ചിട്ടുണ്ട്. ഹൈക്കോടതി റിട്ട ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz