local

കെ. എസ്. പ്രവീണ്‍കുമാര്‍ സ്‌മാരക ഫോട്ടോഗ്രഫി പുരസ്‌കാരം എ. സനേഷിന്

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്ന അകാലത്തില്‍ അന്തരിച്ച കെ. എസ്. പ്രവീണ്‍കുമാറിന്റെ പേരില്‍ തൃശ്ശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാര്‍ഡിന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ എ. സനേഷിന്റെ ‘സീക്കിങ് സോലേസ് ഇന്‍ സോളിറ്റിയൂഡ്’ എന്ന ചിത്രം അര്‍ഹമായി. 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്തിമോപചാരച്ചടങ്ങില്‍ ഭാര്യ മറിയാമ്മയുടെ ദൃശ്യമാണ് ഏകാന്തതയില്‍ ആശ്വാസം തേടി എന്ന ചിത്രത്തില്‍. വാര്‍ത്താമുല്യത്തോടൊപ്പം അതില്‍ തെളിയുന്ന കാവ്യാത്മകതയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.ആള്‍ക്കൂട്ടത്തിലും അവരുടെ വേദനയുടെ ആഴം വ്യക്തമാക്കുന്ന ഈ ചിത്രം ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്.
40 ലേറെ എന്‍ട്രികളില്‍നിന്നാണ് ഈ ചിത്രം തിരഞ്ഞെടുത്തത്. പി. മുസ്തഫ, വി. എസ്. ഷൈന്‍, എന്‍. പത്മനാഭന്‍ എന്നിവരടങ്ങിയ ജൂറിയാണ് ചിത്രം വിധിനിര്‍ണ്ണയിച്ചത്. കേരളമീഡിയ അക്കാദമിയും തൃശ്ശൂര്‍ പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക. സാഹിത്യ അക്കാദമിയില്‍ ജൂലായ് 12-ന് രാവിലെ പത്തരയ്ക്ക നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. രാജന്‍ അവാര്‍ഡ് സമ്മാനിക്കും. കെ. രാധാകൃഷ്ണന്‍ എം.പി. പി. ബാലചന്ദ്രന്‍ എം.എല്‍എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ്, സംവിധായകന്‍ പ്രിയനന്ദനന്‍, മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ബാസ്‌ക്കര്‍ എന്നിവര്‍ പങ്കെടുക്കും.

പ്രവീണ്‍കുമാര്‍ ഫോട്ടോ പ്രദര്‍ശനം 12 മുതല്‍

മീഡിയ അക്കാദമി തൃശൂര്‍ പ്രസ്‌ക്ലബ്ബുമായി സഹകരിച്ച് ജൂലൈ 12,13,14 തിയതികളില്‍ സാഹിത്യ അക്കാദമിയില്‍ കെ.എസ്. പ്രവീണ്‍കുമാര്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തും. പ്രദര്‍ശനം 12ന് രാവിലെ 10.30ന് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.
അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ ദേശാഭിമാനി ഫോട്ടോഗ്രാഫറായിരുന്ന കെ.എസ്. പ്രവീണ്‍കുമാര്‍ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തപ്പോള്‍ പകര്‍ത്തിയ മനോഹര ചിത്രങ്ങളും വാര്‍ത്താമൂല്യങ്ങളുള്ള ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിനുണ്ടാകുക.

തൃശ്ശൂര്‍
09.07.2024

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close