കോഴിക്കോട് : ബാലുശേരിയിൽ ക്വാറിക്ക് സമീപം 4 സെന്റിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയായ വിധവയുടെ കൂര പൊളിച്ചുമാറ്റാൻ ഉത്തരവിട്ട ബാലുശേരി പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു വരുത്തും.
ജൂലൈ 24 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം.
എരമംഗലം അതിരത്തിൽ കുഴിയിൽ സരോജിനിയുടെ കൂര പൊളിക്കാനാണ് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടത്.
പഞ്ചായത്തിന്റെ അഗതി ആശ്രയ പദ്ധതി കൊണ്ടാണ് സരോജിനി ജീവിക്കുന്നത്. സരോജിനിയുടെ കൂര പൊളിക്കുന്നത് സമീപത്തുള്ള ക്വാറിക്ക് വേണ്ടിയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. 2019 മുതലാണ് സരോജിനി ഇവിടെ താമസിക്കുന്നത്. കെട്ടിടത്തിന് പഞ്ചായത്ത് നമ്പറും നൽകിയിട്ടുണ്ട്. ക്വാറി തുടങ്ങിയതോടെ ഇവർ താമസിക്കുന്ന കൂര തകർന്നു. പിന്നീട് നാട്ടുകാരാണ് കൂര നിർമ്മിച്ച് നൽകിയത്. സരോജിനിക്ക് വേറെ വീടോ സ്ഥലമോ ഇല്ല. തന്റെ ജീവനു ഭീഷണിയായ ക്വാറിക്ക് സ്റ്റേ നൽകണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.