top news
വയനാട് ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
ഉരുള്‍ പൊട്ടല്‍ സര്‍വവും തകര്‍ത്തെറിഞ്ഞ വയനാട് ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ദുരന്തബാധിതര്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനകളുമുണ്ടെന്ന് ജോ ബൈഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ തങ്ങളും പങ്കുചേരുന്നു. അതിസങ്കീര്‍ണമായ രക്ഷാദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യന്‍ സര്‍വീസ് അംഗങ്ങളുടെ ധീരതയെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും ഈ വേദനയ്‌ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളില്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നും ബൈഡന്‍ അറിയിച്ചു.
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 297 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 200ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് നാലാം ദിനത്തിലേക്ക് കടക്കുകയാണ്. 8000ല്‍ അധികം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞുവരുന്നത്. പോലീസ്, സൈന്യം, അഗ്‌നിരക്ഷാ സേന, നാട്ടുകാര്‍ മുതലായവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കൂടാതെ പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ദുരന്ത മേഖലയില്‍ സജീവ മനുഷ്യ സാന്നിധ്യമില്ലെന്ന് ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തി. ജീവനുള്ള എല്ലാവരേയും രക്ഷിക്കാന്‍ സാധിച്ചതായി സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനിടെ വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ചര്‍ച്ചകളും നടന്നുവരികയാണ്.