top news
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലിനു കാരണമായത് ഡാമിങ് പ്രതിഭാസം
കല്‍പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലിനു കാരണമായത് ഡാമിങ് പ്രതിഭാസമെന്ന് മേഖലയില്‍ പരിശോധന നടത്തിയ വിദഗ്ധ സമിതി തലവനും ഭൗമശാസ്ത്രജ്ഞനുമായ ജോണ്‍ മത്തായി. ഉരുള്‍പൊട്ടി സീതമ്മക്കുണ്ടില്‍ തടയണക്ക് സമാനമായ നിര്‍മിതി രൂപപ്പെടുകയും മഴ ശക്തമായ വേളയില്‍ ഇത് തകരുകയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ ദുരന്തമുണ്ടാകാന്‍ കാരണമായെന്നും ജോണ്‍ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടം ഇനി വാസയോഗ്യമല്ല. എന്നാല്‍ ചൂരല്‍മലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വാസയോഗ്യമാണ്. എന്നാല്‍ താമസം അനുവദിക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാറാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
‘പുഞ്ചിരിമട്ടത്തെ പുഴയോട് ചേര്‍ന്ന ഭാഗങ്ങള്‍ ആപല്‍ക്കരമാണ്. വീടുണ്ടെങ്കില്‍ പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവിടെ തുടരാത്തതാവും നല്ലത്. ചൂരല്‍മലയിലെ ചിലയിടങ്ങള്‍ മാത്രമേ സുരക്ഷിതമല്ലാതുള്ളൂ. അവിടെ താമസം വേണോ എന്നത് നയപരമായ തീരുമാനമാണ്. സുരക്ഷിതവും അല്ലാത്തതുമായ സ്ഥലങ്ങള്‍ ഞങ്ങള്‍ അടയാളപ്പെടുത്തി നല്‍കും. എന്ത് മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പറയും. അപകടം മറികടക്കാനുള്ള ആധുനിക സംവിധാനങ്ങളുണ്ട്. അതനുസരിച്ച് ചിലപ്പോള്‍ ചെലവേറിയ നിര്‍മാണം വേണ്ടിവന്നേക്കാം. വേണോ വേണ്ടയോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കണം” -ജോണ്‍ മത്തായി പറഞ്ഞു.
ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനാണ് ജോണ്‍ മത്തായി. അഞ്ചംഗ വിദഗ്ധ സംഘം കഴിഞ്ഞ മൂന്ന് ദിവസമായി മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും പരിശോധന നടത്തിയിരുന്നു. വെള്ളരിമലയുടെ ഒരുഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന കല്ലും മണ്ണും വെള്ളവും മറ്റ് അവശിഷ്ടങ്ങളുമാണ് വീതികുറഞ്ഞ സീതമ്മക്കുണ്ടില്‍ താല്‍ക്കാലിക തടയണ പോലെ രൂപപ്പെട്ടത്. ഇത് തകര്‍ന്നതോടെ ആ പ്രദേശത്തെ മരങ്ങളുള്‍പ്പെടെ താഴേക്ക് വന്നത് നാശനഷ്ടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ഹൈസ്‌കൂള്‍ ഭാഗത്തുവച്ച് പുഴ ഗതിമാറി ജനവാസ മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നിരുന്നു. മേഖലയില്‍ രണ്ട് ദിവസത്തിനിടെ 570 മില്ലിമീറ്റര്‍ മഴയുണ്ടായെന്നും വിദഗ്ധ സമിതി പറയുന്നത്. വിശദമായ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അറിയിച്ചു.