top news
അഡ്ജസ്റ്റ്മെന്റുകളും കോംപ്രമൈസുകളും നടിമാര്‍ക്ക് സുപരിചിത പദങ്ങള്‍, പലര്‍ക്കും യൂറിനറി ഇന്ഫെക്ഷന് ഉണ്ടായി
കൊച്ചി: ആര്‍ത്തവ സമയത്ത് നടിമാര്‍ സെറ്റില്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്ന് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ് എന്നും മൂത്രം ഒഴിക്കാന്‍ പോകാന്‍ പോലും സാധിക്കാതെ മണിക്കൂറുകളോളം സെറ്റില്‍ തുടരേണ്ടി വരുന്നുവെന്നും നടിമാര്‍ മൊഴി നല്കി.
ലൊക്കേഷനില്‍ നടിമാര്‍ക്ക് ശുചിമുറി ഒരുക്കാറില്ലെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്ഫെക്ഷന് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘അഡ്ജസ്റ്റ്മെന്റുകളും ‘ ‘ കോംപ്രമൈസും ‘ എന്നീ രണ്ട് പദങ്ങളാണ് മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് സുപരിചിതമാണെമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടിമാര്‍ താമസിക്കുന്ന ഹോട്ടല്‍ മുറി തുറക്കാന്‍ വിസമ്മതിച്ചാല്‍ ബലം പ്രയോഗിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നും മൊഴിയിലുണ്ട്. ഷൂട്ടിംഗ് സൈറ്റുകളില്‍ കുടുംബത്തിനുള്ളില്‍ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥ ഉണ്ടെന്നും നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നത് പതിവാണ്. സഹകരിക്കുന്ന നടിമാര്‍ പ്രത്യേക കോഡ് പേരുകളിലാണ് സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. സഹരിക്കാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കാറുണ്ടെന്നും നടിമാര്‍ക്ക് പുറമെ അവരുടെ ബന്ധുക്കള്‍ പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന വെളിപ്പെടുത്തലും ഉണ്ട്. അഭിനയിക്കുമ്പോള്‍ അനാവശ്യമായി റിപ്പീറ്റ് ഷോര്‍ട്ട് എടുക്കാറുണ്ട്. അവസരങ്ങള്‍ ഇല്ലാതാക്കി സിനിമയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമവും ഉണ്ടെന്നും പറയുന്നു.