INDIAKERALAlocalNationaltop newsVIRAL

ഇടയന്റെ നാട്ടിലൂടെ ……..; ( വിശുദ്ധനാട് യാത്രാവിവരണം – ഭാഗം 5 )

ബാബു ചെറിയാൻ                                                                                                                                                                                                യാത്ര ആറാം ദിനം – ഒക്ടോബർ 4                                                                      പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് ആറിന് പ്രാതൽ കഴിച്ച് ഇന്നത്തെ യാത്ര ആരംഭിക്കുകയായി. ഒലിവുമലയിലെ ഗദ്സമനിലേക്കാണ് യാത്ര . പുറപ്പെടുമ്പോൾ തന്നെ അബ്രഹാമച്ചന്റെ ആശിർവാദ പ്രാർത്ഥന. ബസിനുള്ളിലൂടെ നടന്ന് എല്ലാവരുടേയും മേൽ വിശുദ്ധ ജലം തളിച്ച ശേഷം പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് ചെറിയൊരു പ്രഭാഷണം . സങ്കീർത്തനം 115 ലെ 12ാമത് വരികൾ – കർത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട് , അവിടുന്ന് നമ്മെ അനുഗഹിക്കും. അവിടുന്ന് ഇസ്രായേൽ ഭവനത്തെ ആശീർവദിക്കും, അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും – എന്ന ഭാഗത്തെക്കുറിച്ച് വിശദീകരിച്ചു. കർഷകൻ കൃഷിയിടത്ത് വേലി കെട്ടി സംരക്ഷിക്കുന്നതു പോല, പ്രാർത്ഥന നമുക്കു ചുറ്റും സ്തോത്രഗീതത്താൽ നമ്മെ വേലി കെട്ടുകയാണ് – അച്ചൻ വ്യാഖ്യാനം തുടർന്നു. വഴിയിൽ ഇസ്രായേൽ മിലിട്ടറിയുടെ വാഹന പരിശോധന . ഒരേയൊരു പ്രാർത്ഥനയാണ് യേശു ശിക്ഷ്യന്മാരെ പഠിപ്പിച്ചത്. ” പ്രാർത്ഥിക്കുമ്പോൾ അമിതഭാഷണം അരുതെന്ന ഉപദേശത്തോടെയാണ് – നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ എന്ന മുഖവുരയോടെ ” സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ……. ( മത്തായി 6:9) എന്നു തുടങ്ങുന്ന പ്രാർത്ഥന യേശു പഠിപ്പിച്ചത്. ഈ പ്രാർത്ഥന ചൊല്ലിക്കൊടുത്ത പുണ്യസ്ഥലമാണ് ഒലിവുമലയിലെ ഗദ്സമനി . അവിടെ ദേവാലയത്തിന്റെ പുറത്ത് വിശാലമായ ഭിത്തിയിൽ സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ – എന്ന പ്രാർത്ഥന നമ്മുടെ മലയാളം ഉൾപ്പെടെ അനേകം ഭാഷകളിൽ എഴുതി വച്ചിട്ടുണ്ട്. ശിഷ്യന്മാരുമൊത്ത് അവസാനത്തെ പെസഹയിൽ വിശുദ്ധ കുർബാന സ്ഥാപിച്ചതിനു ശേഷം ഈശോ നേരെ ഗദ്സമൻ തോട്ടത്തിലേക്കാണ് പോയത്. കുരിശു മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് ഈശോ ഇരുന്ന് പ്രാർത്ഥിച്ച ഗദ്സമൻ തോട്ടത്തിലെ പാറ, കൂടെയുണ്ടായിരുന്ന മൂന്ന് ശിഷ്യന്മാർ ഇരുന്ന സ്ഥലം, ഈശോയ യുദാസ് ഒറ്റിക്കൊടുത്ത സ്ഥലം , പടയാളികൾ ഈശോയെ പിടികൂടിയ സ്ഥലം എല്ലാം നേരിൽ കണ്ടു. ഈശോ രക്തം വിയർത്ത അതേ പാറയിലെ അൾത്താരയിലായിൽ അബ്രഹാമച്ചൻ വിശുദ്ധ കുർബാനയർപ്പിച്ചു. പരിശുദ്ധ മാതാവിനെ സംസ്ക്കരിച്ച കല്ലറ അഥവാ മാതാവിന്റെ ഉറക്കത്തിന്റെ പള്ളി, മഗ്ദലന മറിയത്തിന്റെ പേരിലുള്ള പള്ളി, മഗ്ദലന മറിയത്തിന്റെ തിരുശേഷിപ്പ് – ഇവ അടുത്തടുത്താണ് .                                 എന്റെ വിശ്വാസം നൂറു മടങ്ങ് വർധിപ്പിക്കുന്നതായി മുള്ളുകൾ നിറഞ്ഞ ആ മരം. ഈശോയുടെ ചിത്രങ്ങളിലെല്ലാം മുൾമുടി കണ്ടിട്ടുണ്ട് , ആ മുടിയെക്കുറിച്ച് വേദന നിറയ്ക്കുന്ന ഒരു പാട് ഗാനങ്ങളും കേട്ടിട്ടുണ്ട്. ഈശോയുടെ തലയിൽ അന്ന് ചൂടിച്ച മുൾമുടി വളരുന്ന മരം നേരിൽ കാണുകയാണ്. അത് കണ്ടെങ്കിലേ ഈശോ അന്നനുഭവിച്ച വേദനയുടെ തീവ്രത മനസിലാക്കാനാകൂ. മരത്തിന്റെ ചില്ലകൾ നിറയെ കൂർത്തുമൂർത്ത നീളമുള്ള മുള്ളുകൾ . തല ഒന്നു ചരിഞ്ഞാൽ മുള്ളുകൾ ശരീരത്തിൽ ആഴ്ന്നിറങ്ങും , രക്തം ധാര ധാരയായി ഒഴുകും. ഈശോ അന്നനുഭവിച്ച കൊടിയ വേദന എന്റെ മനസിലും മുള്ളുകളായി, തനിയെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഇതെഴുതുമ്പോഴും അങ്ങനെ തന്നെ.Ziziphus Spina- Christi എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ മരം Euphorbiaceae എന്ന ജനുസിൽ പെട്ടതാണ്. / സെഹിയോൻ ഊട്ടുശാലയിലേക്കാണ് പിന്നീട് പോയത്. നിർമാണം നടക്കുന്നതിനാൽ ഊട്ടുശാല തുറന്നിട്ടില്ല. പടവുകൾ കയറി നോക്കി അത് അടച്ചിരിക്കയാണെന്ന് അച്ചൻ ഉറപ്പു വരുത്തി. തുടർന്ന് പ്രധാന പുരോഹിതനായിരുന്ന കയ്യാഫാസിന്റെ അരമനയിലേക്ക് . ഗദ്സമനിൽ നിന്ന് പടയാളികൾ പിടികൂടി കെദ്രോൻ അരുവി കടന്ന് നടത്തിക്കൊണ്ടുപോയ ഈശോയെ പെസഹ വ്യാഴാഴ്ച്ച തടങ്കലിലിട്ടത് കയ്യാഫാസിന്റെ അരമനയിലെ കരിങ്കൽ ഗുഹയിലാണ്. ഒരാൾക്ക് നൂഴ്ന്ന് ഇറങ്ങാനാവുന്ന വിധം താഴേക്ക് ഒരു കുഴിയാണ് ഈ തടവറ. ഭുജങ്ങൾക്കിടയിൽ കയറു കെട്ടി ഈശോയെ ഈ കരിങ്കൽ പാളയത്തിൽ ഇറക്കിയ ശേഷം മുകൾ ഭാഗത്തെ ദ്വാരം കല്ലിട്ട് അടയ്ക്കുകയായിരുന്നു. തടവറയിലെ കൂരിരുട്ടിൽ നിന്നുകൊണ്ടാണ് ഈശോ ആ രാത്രി കഴിച്ചു കൂട്ടിയത്. അപ്പോൾ ഈശോ കൈ സ്പർശിച്ച ഭാഗം പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്.                തുടർന്ന് കോഴി കൂകിയ പള്ളിയിലേക്ക് . ഈശോയുടെ പ്രവചനപ്രകാരം പത്രോസ് ഗുരുവിനെ മൂന്നു പ്രാവശ്യമാണ് തള്ളി പറഞ്ഞത്. മൂന്നാമതും തളളി പറഞ്ഞപ്പോൾ കോഴി കൂകിയതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. അന്ന് പത്രോസ് നിന്നിരുന്ന സ്ഥലത്താണ് കോഴി കൂകിയ പള്ളി . ദേവാലയത്തിന് മുകളിലായി കോഴിയുടെ ചിത്രം . കയ്യാഫാസിന്റെ ഭവനത്തിൽ നിന്ന് പീലാത്തോസിന്റെ അരമനയിലേക്ക് ഈശോയ നടത്തിക്കൊണ്ടുപോയ വഴിയിലൂടെയായിരുന്നു അടുത്ത യാത്ര . ഈശോ നടന്ന വഴിയിലെ കുറച്ചു ഭാഗം ഇരുവശവും ഗേറ്റ് വച്ച് പൂട്ടിയിട്ടിരിക്കയാണ്. ദുഃഖവെള്ളിയാഴ്ച്ച മാത്രമെ ഈ ഗേറ്റ് തുറക്കാറുള്ളൂ. കെദ്രോ ൻ അരുവിക്ക് ( അരുവി യിൽ വെള്ളമില്ല )താഴെ മാറി അക്കൽദാമ എന്ന ശപിക്കപ്പെട്ട സ്ഥലവും കണ്ടു. ഈശോയെ വധശിക്ഷയ്ക്ക് വിധിച്ചറിഞ്ഞ് ഒറ്റുകാരനായ യൂദാസ് പശ്ചാത്താപിക്കുകയും ആ മുപ്പത് വെള്ളി നാണയങ്ങൾ പ്രധാന പുരോഹിതന്മാരയും പ്രമാണിമാരേയും ഏൽപ്പിച്ചതായി ബൈബിൾ പറയുന്നു. അവർ അത് കൈപ്പറ്റാത്തതിനാൽ പണക്കിഴി ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം യൂദാസ് കെട്ടിതൂങ്ങി മരിക്കുകയായിരുന്നു. ഇത് രക്തത്തിന്റെ വിലയായതിനാൽ ദേവാലയത്തിലെ ഭണ്ഡാരത്തിൽ നിക്ഷേപിക്കാൻ കഴിയില്ലന്ന് പറഞ്ഞ പ്രധാന പുരോഹിതന്മാരും കൂട്ടരും വിദേശികളെ സംസ്ക്കരിക്കാനായി കുശവന്റെ പറമ്പ് വാങ്ങി. അത് ഇന്നും രക്തത്തിന്റെ പറമ്പ് (അക്കൽദാമ ) എന്നറിയപ്പെടുന്നു. ശപിക്കപ്പെട്ട ഈ സ്ഥലത്തിന് മുകൾഭാഗത്ത് കെട്ടിടങ്ങൾ ഉണ്ടെങ്കിലും ശപിക്കപ്പെട്ട ഈ ഭാഗം മാത്രം വൃത്തികെട്ട തരിശ് ഭൂമിയായി കിടക്കുന്നു. ഇന്നത്തെ യാത്ര പൂർത്തിയാക്കി ഞങ്ങൾ തിരികെ ബത്‌ലഹേമിലെ ഹോട്ടലിലേക്ക് .         നാളെ യോഹന്നാൻ സ്നാപകന്റെ ജന്മ സ്ഥലമായ എൻ കരീമിലേക്കാണ് യാത്ര . തുടരും ……..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close