top news
‘അറിയാതെ ഒരു വാക്ക് പറഞ്ഞാല്‍ പോലും ഭാവിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ആര്‍ക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. മറ്റ് സംഘടനകളുമായി കാര്യങ്ങള്‍ കൂടിയാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് സുരക്ഷയില്ല…
മലയാള സിനിമ മേഖലകളില്‍ നടന്നുവരുന്ന പലവിധത്തിലുള്ള ചൂഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലാത്തയിടമാണ് മലയാള സിനിമയെന്ന് അക്കമിട്ട് നിരത്തുന്ന വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ഓരോ വരികളിലൂടെയും പുറത്തു വരുന്നത്.
ലോഡ്ജുകള്‍ പോലെയുള്ള മദ്യപാനം കൂടുതലുള്ളതും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളില്‍ താമസസൗകര്യം നല്‍കാറുണ്ട്. ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെ വാഹനസൗകര്യം നല്‍കുന്നു. പ്രധാന വനിതാ താരങ്ങള്‍ക്കും ഈ വിഷയത്തില്‍ തുല്യമായ ആശങ്കയാണ്.
പുരുഷാധിപത്യം, നടിമാര്‍ക്ക് ഭയം
അതിക്രമം കാട്ടിയവരില്‍ ഉന്നതരുണ്ടെന്നും നടിമാര്‍ക്ക് അത് തുറന്നു പറയാന്‍ ഭയമെന്നും വ്യക്തമാക്കി ഹേമ കമ്മറ്റി റിപ്പോര്‍ട്ട്. മലയാള സിനിമ മേഖലയിലെ പുരുഷാധിപത്യം എത്രത്തോളം ഭയാനകമെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നത്. സിനിമാ മേഖല പുരുഷാധിപത്യമുള്ളതും ചുഴികള്‍ നിറഞ്ഞതുമാണ്. നടിമാര്‍ക്ക് ഇതെല്ലാം തുറന്നു പറയാന്‍ ഭയമാണ്. വെളിപ്പെടുത്തലുകളില്‍ ഞെട്ടിയെന്നും ഹേമ കമ്മിറ്റി വ്യക്തമാക്കുന്നു. ശുചിമുറി പോലും നിഷേധിക്കുന്ന സാഹചര്യമാണ്. ജീവനെ ഭയന്നാണ് പോലീസിനെ സമീപിക്കാത്തതെന്ന് നടിമാര്‍ മൊഴി നല്‍കി. പ്രതികരിക്കുന്നവര്‍ക്ക് രഹസ്യ വിലക്കുണ്ട്. വിധേയപ്പെട്ടില്ലെങ്കില്‍ ഭാവി തന്നെ നശിപ്പിക്കും. വഴങ്ങാത്തവരെ കഴിവില്ലെന്നു പറഞ്ഞ് ഒഴിവാക്കും.