top news
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് പുറത്തുവിടും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് ഇന്ന്തന്നെ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.
മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സ്റ്റേറ്റ് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറാണ് വിവരം കൈമാറുക. 300 പേജുള്ള റിപ്പോര്‍ട്ടിലെ വ്യക്തിഗതവിവരങ്ങള്‍ ഒഴിവാക്കി പുറത്തുവിടുമെന്ന് അറിയിച്ചിരുന്ന 233 പേജും സ്‌കാന്‍ ചെയ്ത് പിഡിഎഫ് ഫോര്‍മാറ്റിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ സോഫ്റ്റ് കൈമാറുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. 49ാം പേജിലെ 96ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കും. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിടില്ല.