top news
ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും; നാളെ മുതല്‍ സന്ദര്‍ശിക്കാം
കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനം. നാളെ മുതല്‍ ഇവിടേയ്ക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ നാല് വരെയാണ് പ്രവര്‍ത്തന സമയം. സുരക്ഷിത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കണമെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളിലൂടെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ ടൂറിസ്റ്റ് സങ്കേതങ്ങള്‍ അടച്ചിട്ടിരിക്കുന്നത് കാരണം ജീവിതം പ്രതിസന്ധിയിലാക്കുന്നതായി നിരവധി ആളുകളാണ് പരാതിയുമായി മുന്നോട്ട് വന്നത്.
ജനങ്ങളുടെ ജീവിത ദുരിതം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട വൈദ്യുതവകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ ഡാം തുറക്കാനുള്ള അനുകൂല റിപ്പോര്‍ട്ട് കെഎസ്ഇബി കളക്ടര്‍ക്ക് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഡാം തുറക്കാന്‍ തീരുമാനമായിരിക്കുന്നത്.
ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടലിന് മുന്‍പ്, വയനാട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ അടച്ചതാണ് ബാണാസുര സാഗര്‍ ഡാം. പിന്നീട് മഴഭീഷണികള്‍ ഒഴിഞ്ഞിട്ടും ഡാം തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായിരുന്നില്ല.