top news
തമിഴക വെട്രി കഴകത്തിന്റെ പാര്‍ട്ടി പതാകയുയര്‍ത്തി വിജയ്; തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളില്‍ ഇനി ഈ പതാകയുമുണ്ടാകും
ചെന്നൈ: സിനിമയിലൂടെ ജനമനസ്സിലിടം പിടിച്ച് രാഷ്ട്രീയ പ്രവേശം നടത്തിയ നടന്‍ വിജയ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. തമിഴ്നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയര്‍ത്താനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇനി പ്രധാന ഇടത്തെല്ലാം തമിഴക വെട്രി കഴകത്തിന്റെ പതാകയുമുണ്ടാകും. സംഗീതജ്ഞന്‍ എസ് തമന്‍ ചിട്ടപ്പെടുത്തിയ പാര്‍ട്ടി ഗാനവും ചടങ്ങില്‍ പരിചയപ്പെടുത്തി. വിജയ് പതാക ഉയര്‍ത്തിയത് ചെന്നൈയിലാണ്. തുടര്‍ന്ന് ചെന്നൈയിലെ പാര്‍ട്ടി ഓഫീസില്‍ വച്ച് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം വിജയ് പ്രതിജ്ഞ ചൊല്ലി.
”നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ജീവന്‍ ത്യജിക്കുകയും ചെയ്ത പോരാളികളെയും തമിഴ് മണ്ണില്‍ നിന്ന് നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പ്രവര്‍ത്തിച്ച സൈനികരെയും എല്ലായ്‌പ്പോഴും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ജാതി, മതം, ലിംഗം, ജനിച്ച സ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കും. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കുകയും ചെയ്യും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ഉറപ്പിക്കും.” – വിജയ് പ്രതിജ്ഞ ചൊല്ലി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ്‌യുടെ നീക്കം. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ തമിഴ്നാട്, കേരളം, പുതുച്ചേരി, കര്‍ണാടക എന്നിവിടങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സമത്വത്തിന്റെ അടയാളമായ മഞ്ഞനിറമാണ് പതാകയിലുള്ളത്. വാകൈ പുഷ്പം നടുവില്‍ ആലേഖനം ചെയ്തിരിക്കുന്നു. വിജയ്‌യുടെപുതിയ ചിത്രമായ ഗോട്ട് റിലീസ് ചെയ്യുന്ന തീയറ്ററുകളിലും പതാക ഉയര്‍ത്തുമെന്നാണ് സൂചന. സെപ്റ്റംബര്‍ 22 ന് വിക്രവാണ്ടിയില്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. അതിനുശേഷം വിജയ് സംസ്ഥാനപര്യടനം നടത്തും.