KERALAlocaltop news

ലയണ്‍സ് ചില്‍ഡ്രന്‍സ് ചെസ് നോര്‍ത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 24 ന്

കോഴിക്കോട്: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓള്‍ കേരള അണ്ടര്‍-15 ചില്‍ഡ്രന്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പ് ചതുരംഗം 2023-24 ന്റെ ഭാഗമായുള്ള നോര്‍ത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പ് നാളെ (2023 ഡിസംബര്‍ 24 ഞായര്‍) നടക്കും. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒമ്പതു മണിക്ക് മത്സരങ്ങള്‍ തുടങ്ങും. പതിനൊന്നു മണിക്ക് നടക്കുന്ന ചടങ്ങില്‍ ലയണ്‍സ് ഡ്രിസ്ട്രിക് 318 ഇ ഗവര്‍ണര്‍ ടി.കെ രജീഷ് ഉദ്ഘാടനം നിര്‍വഹിക്കും. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. പി. സുധീര്‍, സെക്കന്‍ഡ് വൈസ് ഗവര്‍ണര്‍ രവി ഗുപ്ത, മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്ട് പിആര്‍ഒ ഡോ. സുചിത്ര സുധീര്‍, ഡിസ്ട്രിക്ട് പിആര്‍ഒ സുനിത ജ്യോതിപ്രകാശ്, ട്രഷറര്‍ വി.പി. ജ്യോതിപ്രകാശ്, ചതുരംഗപ്പട ചെസ് അക്കാദമി ഡയറക്ടര്‍ ടി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, മലബാര്‍ ചെസ് ലവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഇ. നിര്‍മല്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിന്നും മാഹിയില്‍ നിന്നുമായി മുന്നൂറോളം മത്സരാര്‍ഥികളാണ് നോര്‍ത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. ആണ്‍, പെണ്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മുപ്പത് പേര്‍ എറണാകുളത്തു വെച്ച് നടക്കുന്ന ഓള്‍ കേരള ഫൈനലിലേക്ക് യോഗ്യത നേടും. പ്രാഥമിക മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കും. കൂടാതെ അഞ്ച് ആണ്‍കുട്ടികള്‍ക്കും അഞ്ച് പെണ്‍കുട്ടികള്‍ക്കും കാഷ് പ്രൈസും ട്രോഫിയും നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് മൂവായിരം രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് രണ്ടായിരം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ആയിരം രൂപയുമാണ് കാഷ്‌പ്രൈസ്. അണ്ടര്‍ 10 കാറ്റഗറിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പത്തുപേര്‍ക്ക് പ്രത്യേകസമ്മാനങ്ങളുമുണ്ട്. ഇരുനൂറ് രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9846430981 എന്ന നമ്പറില്‍ ബന്ധപ്പെടാം. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യം മത്സരവേദിയില്‍ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപനച്ചടങ്ങില്‍ പ്രശസ്ത മജീഷ്യന്‍ പ്രദീപ് ഹുഡിനോ ചെസിലെ നീക്കങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രത്യേക മാജിക് ഷോ അവതരിപ്പിക്കും. തുടര്‍ന്ന് ക്രിസ്മസ് ആഘോഷവും സമ്മാനദാനവും നടക്കും.
ലയണ്‍സ് ചില്‍ഡ്രന്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രാന്‍ഡ് ഫൈനല്‍ 2024 ജനുവരി 19ന് എറണാകുളത്താണ് നടക്കുക. ലയണ്‍സ് ചെസ് കിംഗ്, ലയണ്‍സ് ചെസ് ക്യൂന്‍ പട്ടങ്ങള്‍ നേടുന്നവര്‍ക്ക് ഇരുപതിനായിരം രൂപ വീതം കാഷ്‌പ്രൈസും ട്രോഫിയും ലഭിക്കും. ലയണ്‍സ് ചെസ് പ്രിന്‍സ്, ലയണ്‍സ് ചെസ് പ്രിന്‍സസ് പട്ടങ്ങള്‍ നേടുന്നവര്‍ക്ക് പതിനായിരം രൂപ വീതമാണ് കാഷ്‌പ്രൈസ്. മൂന്നാംസ്ഥാനക്കാര്‍ക്ക് അയ്യായിരം രൂപ വീതവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് മറ്റു സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close