top news

മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ടി.ഷിനോദ് കുമാര്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്റർ പാവങ്ങാട് പുത്തൂർ ക്ഷേത്രത്തിന് സമീപം ‘ഷാമിൻ’ വീട്ടിൽ ടി.ഷിനോദ് കുമാർ (52) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രദീപം പത്രത്തിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം 2002-ലാണ് മാതൃഭൂമി പത്രാധിപസമിതി അംഗമാകുന്നത്. മാതൃഭൂമി ബെംഗളൂരു എഡിഷൻ ആരംഭിച്ചപ്പോൾ റിപ്പോർട്ടറായി എത്തിയ അദ്ദേഹം കണ്ണൂർ യൂണിറ്റിലും സെൻട്രൽ ഡെസ്ക്, കോഴിക്കോട് ഡെസ്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ എൻ.ആർ.ഇ. ഡെസ്ക് ചീഫ് സബ് എഡിറ്ററാണ്. വാർത്തകളുടെ എഡിറ്റിങിലും ഡിസൈനിങിലും ശ്രദ്ധേയനായ ഷിനോദ്, ക്രൈം, സാംസ്കാരിക, സാഹിത്യ, ചലച്ചിത്ര, ആനുകാലിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലും മികവ് പുലർത്തിയിരുന്നു. കണ്ണൂർ ഫിലിം ചേംബറിന്റെ മാധ്യമ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ (എം.ജെ.യു.) സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് പ്രസ് ക്ളബിന്റെ നിയുക്ത ട്രഷററുമാണ്. എം.ജെ.യു. സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, കെ.യു.ഡബ്ള്യു.ജെ. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പുത്തൂർ ദുർഗാദേവി ക്ഷേത്ര കമ്മിറ്റി അംഗം, കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില് പ്രവർത്തിച്ചിട്ടുണ്ട്.

ഷിനോദ് കുമാർ തത്തനാടത്ത് കുടുംബാംഗമാണ്. ഭാര്യ: ആർ. രജിമ (അധ്യാപിക, ഇരിങ്ങല്ലൂർ ജി.എച്ച്.എസ്.എസ്., പാലാഴി). മക്കൾ: പാർവ്വതി ഷിനോദ് (ദേവഗിരി കോളേജ് വിദ്യാർഥിനി), ഗായത്രി ഷിനോദ് (വിദ്യാർഥിനി, സെയ്ന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസ്.). അച്ഛൻ: പരേതനായ അമ്പ്രമോളി കേശവൻ നമ്പ്യാർ (എ.കെ.നമ്പ്യാർ- മാതൃഭൂമി റിട്ട. സൂപ്പർവൈസർ). അമ്മ: ടി. സത്യവതി (റിട്ട. ചീഫ് പ്രൂഫ് റീഡർ, മാതൃഭൂമി). സഹോദരിമാർ: ടി.ഷീബ, ടി.ഷാമിൻ. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close