top news

ഏല്ലാവര്‍ക്കും താങ്ങാനാവുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാകണമെന്ന് ഐആര്‍ഡിഎഐ

മുംബൈ: രാജ്യത്ത് എല്ലാവര്‍ക്കും താങ്ങാനാവുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാകേണ്ടതുണ്ടെന്ന് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐആര്‍ഡിഎഐ. 2047 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകാന്‍ ഇത് അനിവാര്യമാണ്. ഇതനുസരിച്ച് വിവിധങ്ങളായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ ത്യയാറാകണമെന്നും ഐആര്‍ഡിഎഐ നിര്‍ദേശിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം ഉയരങ്ങളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നിയന്ത്രണ ഏജന്‍സിയുടെ നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്. ഉയര്‍ന്ന പ്രീമിയം മുതിര്‍ന്ന പൗരന്‍മാരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ നിന്ന് അകറ്റുന്നതായാണ് വിലയിരുത്തല്‍.

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആശയ രൂപവത്കരണത്തിനുമായി മുംബൈയില്‍ ഇന്‍ഷുറന്‍സ് സേവന കമ്പനികളുടേയും ഐആര്‍ഡിഎഐയുടേയും യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നുവന്നത്. എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന പദ്ധതിക്ക് കൃത്യമായ നിര്‍വചനം നല്‍കാനും അതു നടപ്പാക്കാനുള്ള സംവിധാനം തയ്യാറാക്കാനുമാണ് ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യോഗത്തിലൂടെ ലക്ഷ്യമിട്ടത്.

പലതരത്തിലുള്ള പോളിസികള്‍ വന്നാല്‍ വിപണിയില്‍ മത്സരം കടുക്കും. മത്സരമുണ്ടായാല്‍ പ്രീമിയം നിരക്ക് തനിയെ കുറയുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വിതരണ ശൃംഖല വിപുലമാക്കുകയാണ് മറ്റൊരു വഴി. ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കടന്നു ചെല്ലാത്ത ഗ്രാമീണ മേഖലകളില്‍ ഇന്‍ഷുറന്‍സ് ലഭ്യത ഉയര്‍ത്താന്‍ ഇത് സഹായകമാകും.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ഇന്‍ഷുറന്‍സ് രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗമാണ് കമ്പനികള്‍ മുന്നോട്ടു വയ്ക്കുന്നത്. ഇത് പ്രവര്‍ത്തനച്ചെലവ് കുറയ്ക്കും. കാര്യക്ഷമത കൂട്ടാനും ഭരണച്ചെലവ് കുറയ്ക്കാനും ഇത് സഹായകരമാകും. ഈ നേട്ടം പ്രീമിയം കുറയ്ക്കാനുപകരിക്കുമെന്നും കമ്പനികള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close