കോഴിക്കോട്: കേരള പോലീസിനെ സംഘപരിവാറിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാനുള്ള കളിസ്ഥലമാക്കി മാറ്റിയ പിണറായി വിജയൻ കേരള മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഉടന്‍ രാജിവെക്കണം. 2016 ൽ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന സന്ദർഭം മുതൽ പോലീസ് സംവിധാനത്തെ സംഘപരിവാർ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഉപയോഗിച്ച് വരികയാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾക്ക് കേരളം ഇതിനകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഞങ്ങൾ ഈ കാര്യങ്ങൾ അതാത് സന്ദർഭങ്ങളിൽ കേരളത്തിന്റെ മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആ സന്ദർഭങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടിയും കേരളത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് ഇത് ധ്രുവീകരണം ഉണ്ടാക്കാനുള്ള ചിലരുടെ സംഘടിത ശ്രമം മാത്രമാണ് എന്നായിരുന്നു. ഇടതുപക്ഷത്തിന്റെ തന്നെ ഭാഗമായ നിലമ്പൂർ എം.എൽ.എ പി.വി അൻവർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകൾ എട്ടു വർഷത്തെ ആക്ഷേപങ്ങൾ പൂർണ്ണമായും ശരിവെക്കുന്നതാണ്.
മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളിൽ മുഴുവൻ സന്നാഹങ്ങളോടുകൂടി ബിജെപി ശ്രമിച്ചിട്ടും നടക്കാതെ പോയ കാര്യമാണ് കേരളത്തിൽ നിന്ന് ഒരു എം.പിയെ ഉണ്ടാക്കുക എന്നത്. എന്നാൽ ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് അവർക്ക് പ്രതിനിധിയെ വിജയിപ്പിക്കുന്നതിനുള്ള ഗൂഢ തന്ത്രങ്ങൾ സംഘപരിവാർ രൂപപ്പെടുത്തിയിരുന്നു. ഈ തന്ത്രങ്ങൾ പരാജയപ്പെടുത്തി കേരളത്തിൻ്റെ മതനിരപേക്ഷ പ്രതിരോധത്തെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഇടതുപക്ഷവും അതിന്റെ മുഖ്യമന്ത്രിയും ചെയ്തത് പോലീസ് സംവിധാനത്തെ സംഘപരിവാറിന്റെ കുതന്ത്രങ്ങൾക്ക് ഉപയോഗിക്കുവാൻ വേണ്ടി വിട്ടുകൊടുക്കുകയാണ്. തൃശൂർ പൂരം പോലെയുള്ള വൈകാരികമായ ചടങ്ങുകൾക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് അതിന്റെ ആനുകൂല്യങ്ങൾ ബി.ജെ,പിക്ക് ഉപയോഗിക്കുവാനുള്ള വഴി തുറക്കുകയാണ് ചെയ്തത് എന്ന ആക്ഷേപം ഭരണകക്ഷി എം.എൽ.എയാണ് ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാല്‍ മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു കാര്യവും നടക്കുകയില്ല. തൃശൂർ പാർലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം മുൻനിർത്തി സംഘപരിവാറും കേരളത്തിലെ ഭരണ നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണയുടെ ഗുണം ബി.ജെ.പിക്ക് ലഭിച്ചു. അവർക്ക് ഒരു എം.പി ഉണ്ടായി. എന്നാൽ ഈ ഡീലിൽ നിന്ന് സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എന്തു നേട്ടമാണ് ഉണ്ടായത് എന്ന കാര്യം അറിയാൻ കേരളത്തിന് അവകാശമുണ്ട്. കരുവന്നുർ കേസ്, മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട അഴിമതി ആരോപണം തുടങ്ങിയവയിൽ അന്വേഷണം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ലാവ്ലിന് കേസില്‍ സി.ബി.ഐ ആവശ്യപ്രകാരം സുപ്രീം കോടതി മാറ്റിവെച്ചുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണവും നിലിച്ചിരിക്കുന്നു. ഇതിന് പിന്നിലെ ദുരൂഹത മറനീക്കി പുറത്തുവരേണ്ടതുണ്ട്.
സ്ഥിരമായി സംഘപരിവാർ താല്പര്യങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് സർവ്വതന്ത്രസ്വാതന്ത്ര്യം അനുവദിക്കുന്ന പോലീസ് നയം മുഖ്യമന്ത്രിയുടെ തന്നെ തീരുമാനമാണ്. ഇപ്പോൾ ആരോപണ വിധേയനായിട്ടുള്ള എഡിജിപി എം.ആർ അജിത് കുമാർ നേരത്തെ തന്നെ സംഘപരിവാർ താല്പര്യങ്ങൾക്ക് അനുസരിച്ച് നടപടികൾ എടുക്കുന്ന ഉദ്യോഗസ്ഥനാണ്. എലത്തൂർ തീവെപ്പ് കേസുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് പകരം തട്ടിക്കൂട്ടിയ പ്രതിയെ മുന്നിൽ നിർത്തി മുഴുവൻ കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്വം മുസ്ലിം സമൂഹത്തിന്റെ മേൽ കെട്ടിവെക്കുവാൻ നടത്തിയ ശ്രമത്തിന് ചുക്കാൻ പിടിച്ചത് എം.ആർ അജിത് കുമാറാണ്. ഷാഹിൻബാഗിൽ നിന്നാണ് പ്രതി വന്നിട്ടുള്ളതെന്നും അവിടം തീവ്രവാദികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രമാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ഇത്തരം പശ്ചാത്തലമുള്ള ഉദ്യോഗസ്ഥന് ഉയർന്ന പദവികൾ നൽകി ആദരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. വിജിലൻസ് ഡയറക്ടർ ആയിരിക്കുമ്പോൾ ആക്ഷേപങ്ങൾക്ക് വിധേയനായി മാറ്റിനിർത്താൻ നിർബന്ധിതനായ സന്ദർഭത്തിൽ പോലും എം.ആർ അജിത് കുമാറിനെ അധികകാലം കാത്തിരിക്കേണ്ടി വന്നിട്ടില്ല. നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ അതിനേക്കാൾ കരുത്തനായി ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ആയിട്ടാണ് മടങ്ങിവന്നത്. ഇതിനുപിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി മാത്രമാണ് എന്ന അന്തരീക്ഷം ഉണ്ടാക്കി രക്ഷപ്പെടാൻ ആണ് ഇപ്പോൾ മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ഭരണകക്ഷി എം.എൽ.എ തന്നെ എം.ആർ അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ട് നാല് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഈ നിമിഷം വരെ എം.ആർ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുവാനോ നടപടികൾ സ്വീകരിക്കുവാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഡിജിപി ആവശ്യപ്പെട്ടിട്ട് പോലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയനായ ഒരു ഉദ്യോഗസ്ഥനെ ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ആയി നിലനിർത്തിക്കൊണ്ട് ഏതുതരത്തിലുള്ള നിഷ്പക്ഷ അന്വേഷണം നടക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെ ഒരു കീഴ്വഴക്കം ചരിത്രത്തിലുണ്ടോ? ആരോപണ വിധേയരായവരെ സ്ഥാനത്തുനിന്നും മാറ്റിനിർത്തിക്കൊണ്ടേ നിഷ്പക്ഷന്വേഷണം നടക്കൂ എന്നത് ഒരു സത്യമായിരിക്കെ, അജിത് കുമാറിനെ ആ സ്ഥാനത്ത് നിലനിർത്തി അന്വേഷണത്തെ നിർവീര്യമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആരോപണ വിധേയനായ സുജിത് ദാസിനെതിരെയും അച്ചടക്ക നടപടി ഉണ്ടായിട്ടില്ല.
കേരള പോലീസിൽ ക്രിമിനൽ സ്വഭാവമുള്ള ഉന്നത ഉദ്യോഗസ്ഥന്മാർ ധാരാളമുണ്ടെന്നും അവർ പോലീസ് സംവിധാനത്തെ ഉപയോഗിച്ച് പണം സമ്പാദിക്കുകയും പ്രതിയോഗികളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട് എന്നും വാർത്തകൾ നിരന്തരമായി വന്നുകൊണ്ടിരുന്നിട്ടും അതിനൊന്നും പരിഹാരമുണ്ടാക്കാൻ ഒരു ശ്രമവും ഇടതു സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല ആരോപണ വിധേയനായ മുൻ മലപ്പുറം എസ്.പി സുജിത് ദാസ് മലപ്പുറത്ത് നിരന്തരമായ കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടും മൂന്നുവർഷത്തോളം അദ്ദേഹത്തിന് അവിടെ തുടരാൻ സൗകര്യമൊരുക്കി കൊടുത്തു. താമിർ ജഫ്രി എന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത് എസ്.പി നേരിട്ട് നിയന്ത്രിക്കുന്ന പോലീസ് സംഘമാണ്. എന്നിട്ടും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് എസ്.പിക്ക് രക്ഷപ്പെടാൻ പഴുതൊരുക്കി കൊടുക്കുകയാണ് സർക്കാർ ചെയ്തത്. കർശനമായ നടപടികൾക്ക് വിധേയമാക്കുന്നതിന് പകരം പരിശീലനത്തിന് പോകാൻ സൗകര്യം ചെയ്തു കൊടുക്കുകയും മറ്റൊരു ജില്ലയിൽ എസ്.പി ആയി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തത് സുജിത്ത് ദാസിന് സർക്കാരിലുള്ള സ്വാധീനം വ്യക്തമാക്കുന്ന കാര്യമാണ്.
പി.വി അൻവർ വെളിപ്പെടുത്തിയ കാര്യങ്ങൾ ശരിയായ അന്വേഷണത്തിന് വിധേയമാക്കി വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഇതിന് പോലീസ് അന്വേഷണം മതിയാവുകയില്ല. സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ എൻക്വയറി ആണ് നടക്കേണ്ടത്. ഒപ്പം നിയമസഭാംഗത്തിന്റെ വെളിപ്പെടുത്തൽ എന്ന നിലയിൽ സംയുക്ത നിയമസഭാ സമിതിയുടെ പരിശോധനയും നടക്കേണ്ടതുണ്ട്.
കേരള ചരിത്രത്തിൽ തന്നെ അസാധാരണമായ ഒന്നാണ് ഭരണകക്ഷി എം.എൽ.എ തന്നെ സർക്കാരിന്റെ ഇത്തരം നടനീക്കങ്ങൾ വെളിപ്പെടുത്തുക എന്നത്. ഈ കാര്യങ്ങളിൽ വസ്തുതാ-പരമായ അന്വേഷണം നടക്കണമെങ്കിൽ ഇത്തരത്തിലുള്ള മുഴുവൻ പ്രവർത്തനങ്ങൾക്കും പശ്ചാത്തലം ഒരുക്കിക്കൊടുത്തതിലെ മുഖ്യപ്രതിയായ മുഖ്യമന്ത്രി പിണറായി വിജയൻ തൽസ്ഥാ-നത്ത് തുടരാൻ പാടില്ല. രാഷ്ട്രീയ ധാർമികത അല്പം എങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പിണറായി വിജയൻ സ്ഥാനം രാജിവെച്ച് അന്വേഷണത്തിന് നേരിടാൻ തയ്യാറാവുകയാണ് വേണ്ടത്. ആര്.എസ്.എസ് ബന്ധം അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാന്‍ സി.പി.എം കേന്ദ്ര നേതൃത്വം തയ്യാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
റസാഖ് പാലേരി – സംസ്ഥാന പ്രസിഡൻ്റ് സജീദ് ഖാലിദ് – സംസ്ഥാന ട്രഷറര്ടി.കെ മാധവന് – ജില്ലാ പ്രസിഡണ്ട്, കോഴിക്കോട്പി.സി മുഹമ്മദ് കുട്ടി – ജില്ലാ വൈസ് പ്രസിഡണ്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു