top news

ഗതാഗതനിയമലംഘന കേസുകള്‍; കോടതി നിശ്ചയിച്ച പിഴ ഇനി ട്രഷറിയിലും അടയ്ക്കാം

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കോടതികള്‍ പിഴ നിശ്ചയിച്ച കേസുകളില്‍ കോടതി നിശ്ചയിച്ച തുകതന്നെ പിഴയായി ഈടാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. വെര്‍ച്വല്‍ കോടതിയിലൂടെയും അവിടെനിന്ന് വിചാരണക്കോടതികളിലൂടെയും കടന്നുവരുന്ന കേസുകളില്‍ ട്രഷറിയുടെ ഇ-ടി.ആര്‍. 5 സൈറ്റ് മുഖാന്തരം പിഴത്തുക സ്വീകരിക്കാനാണ് നിര്‍ദേശം.

പല കേസുകളിലും കോടതിനടപടികള്‍ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ കോടതി നിശ്ചയിച്ച പിഴത്തുക മോട്ടോര്‍ വാഹനവകുപ്പിന്റെ ഇ-ചലാന്‍ വെബ്സൈറ്റില്‍ സ്വീകരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് പുതിയ നിര്‍ദേശം. വകുപ്പ് കണ്ടെത്തുന്ന ചില നിയമലംഘനങ്ങള്‍ക്ക് ഉദ്യോഗസ്ഥന് നേരിട്ട് പിഴയീടാക്കാനാകില്ല. അവയ്ക്ക് വെര്‍ച്വല്‍ കോടതികള്‍ മുഖാന്തരമാണ് പിഴയുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നത്.

ഇതിനുപുറമേ, ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയിട്ടും ദീര്‍ഘകാലമായി അടക്കാത്ത കേസുകളും വെര്‍ച്വല്‍ കോടതിയിലെത്തും. വെര്‍ച്വല്‍ കോടതി പിഴ നിശ്ചയിച്ചശേഷം വാഹന ഉടമ അവിടെയും പിഴയടക്കാത്ത സംഭവങ്ങളുണ്ട്. മൊബൈല്‍ നമ്പറുമായി ആര്‍.സി. ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴയുള്ളത് പലപ്പോഴും സന്ദേശമായി ലഭിക്കാറില്ല. അങ്ങനെ പിഴയടക്കാത്ത കേസുകള്‍ ഓണ്‍ലൈനായി വിചാരണ കോടതികളിലേക്ക് കൈമാറും.

പിഴയടക്കാത്തതുമൂലം ‘തര്‍ക്ക’മെന്ന് രേഖപ്പെടുത്തിയാകും ഓണ്‍ലൈനായി കൈമാറുക. പിന്നീട് വെര്‍ച്വല്‍ കോടതി നിശ്ചയിച്ച പിഴത്തുക അടയ്ക്കാനാകില്ല. ഇങ്ങനെ വരുമ്പോള്‍ ‘കോര്‍ട്ട് റിവേര്‍ട്ട്’ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് കേസ് പിന്‍വലിച്ച് ഇ-ചലാന്‍ വെബ്സൈറ്റ് മുഖാന്തരം കോടതികള്‍ നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞ തുക പിഴയീടാക്കുന്നത് സര്‍ക്കാരിന് സാമ്പത്തികനഷ്ടമുണ്ടാക്കുകയും ചെയ്യുന്നു.

ഇതിനെത്തുടര്‍ന്നാണ് ഇത്തരം കേസുകള്‍ തീര്‍പ്പാക്കിയശേഷം ട്രഷറി വെബ്സൈറ്റ് മുഖാന്തരം കോടതി നിശ്ചയിച്ച തുകതന്നെ പിഴയായി ഈടാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ആര്‍.ടി.ഒ.മാരോട് നിര്‍ദേശിച്ചത്. ട്രഷറി വെബ്സൈറ്റ് മുഖാന്തരം പിഴ സ്വീകരിച്ച് ഇ-ചലാന്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്താനാണ് നിര്‍ദേശം. ഇതിന്റെ കൃത്യതയുറപ്പാക്കാന്‍ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close