top news

കേരളത്തിന് എയിംസ് അനുവദിക്കണം; വീണാ ജോര്‍ജ്

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ധയെ കാണും. ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ജെപി നദ്ധയെ കണ്ട് ആവശ്യമുന്നയിക്കും. കോഴിക്കോട് എയിംസ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുടങ്ങിക്കിടക്കുന്ന എന്‍എച്ച്എം ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെടും.

എയിംസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ കേന്ദ്രമന്ത്രിക്ക് മുന്‍പാകെ സമര്‍പ്പിക്കും. എന്‍എച്ച്എം ഫണ്ട് ലഭിക്കാത്തതുമൂലം ആരോഗ്യപ്രവര്‍ത്തകരുടെ അടക്കം വേതനം കുടിശികയാണ്. കേരളത്തില്‍ എയിംസം നിര്‍മ്മിക്കുന്നത് പരിഗണനയിലാണെന്ന് ജെ പി നദ്ധ രാജ്യസഭയില്‍ പറഞ്ഞിരുന്നു. എയിംസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതില്‍ ഒരു സംസ്ഥാനമാണെന്നുമായിരുന്നു ജെപി നദ്ധ അറിയിച്ചിരുന്നത്.

എയിംസ് കേരളത്തിലെത്തിയാല്‍ കുറഞ്ഞ ചെലവില്‍ ഉന്നതനിലവാരമുള്ള ചികിത്സ ലഭ്യമാകും. ആരോഗ്യരംഗത്ത് വിപുലമായ പഠനത്തിനും ഗവേഷണത്തിനും അവസരമൊരുങ്ങും. 2014ല്‍ 200ഏക്കര്‍ ഭൂമി നല്‍കിയാല്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2023 ജൂണില്‍ കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 153ഏക്കര്‍ ഭൂമിയും 99ഏക്കര്‍ സ്വകാര്യഭൂമിയും ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close