top news

തൃശ്ശൂര്‍ പൂരം വിവാദം; ‘വേണ്ടത് ജുഡിഷ്യല്‍ അന്വേഷണം; കെ മുരളീധരന്‍

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന നിലപാട് തള്ളി കെ മുരളീധരന്‍. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണമാണ് വേണ്ടത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. പൂരം അലങ്കോലപ്പെടുത്തിയത് ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

തൃശ്ശൂര്‍ പൂരം കലക്കിയതുകൊണ്ട് നേട്ടമുണ്ടാക്കിയത് കേന്ദ്രമാണെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. ജുഡിഷ്യല്‍ അന്വേഷണം നടന്നാല്‍ മാത്രമേ സത്യം പുറത്തുവരൂ എന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ടിട്ട് നാളുകള്‍ ആയിട്ടും ഇതുവരെയും ഒരു മറുപടിയും ഉണ്ടായിട്ടില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പറയുന്നത് അവരോട് അന്വേഷണത്തിന്റെ ഭാഗമായി ചില ചോദ്യങ്ങള്‍ ചോദിച്ചു എന്നാണ്. ഇപ്പോള്‍ അന്വേഷണമേ നടക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ പോലും ഞെട്ടിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

 

അന്വേഷണമെന്ന ഡി.ജി.പിയുടെ നീക്കം എ.ഡി.ജി.പി തകര്‍ത്തു എന്ന് കെ. മുരളീധരന്‍ ആരോപിച്ചു. അതേസമയം തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കിയ സംഭവത്തില്‍ പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്. പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close