top news
തൃശൂര്‍ പൂരം വിവാദം ; ജുഡീഷ്യല്‍ അന്വേഷണം വേണം, ഇപ്പോള്‍ നടക്കുന്നത് കള്ളക്കളിയാണ് : രമേശ് ചെന്നിത്തല
കോഴിക്കോട്: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്നത് കള്ളക്കളിയാണ്. ജനരോഷം കാരണമാണ് ഇപ്പോള്‍ അന്വേഷണം പോലും പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നടക്കുന്നത് കള്ളനും പൊലീസും കളിയാണ്. അന്വേഷണത്തില്‍ ഒന്നും സംഭവിക്കില്ല. എഡിജിപി -ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രി പറഞ്ഞിട്ട് തന്നെയാണ്. തൃശ്ശൂരും തിരുവനന്തപുരവും ആയിരുന്നു ധാരണ. കരുവന്നൂര്‍ കേസും അട്ടിമറിച്ചു. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് നിലപാടെന്നും ചെന്നിത്തല പറഞ്ഞു.