top news
ഗുണനിലവാര പരിശോധനയില്‍ കരകയറാതെ പാരസെറ്റമോള്‍ ഉള്‍പ്പെടെ 52 മരുന്നുകള്‍
ന്യൂഡല്‍ഹി: മാറുന്ന കാലാവസ്ഥയോടൊപ്പം വരുന്ന പനിയ്ക്കും ചുമയ്ക്കും മറ്റ് ശാരീരിക അസ്വസ്ഥകള്‍ക്കും മിക്ക വീടുകളിലുമുള്ള ഉത്തരമാണ് പാരസെറ്റമോള്‍. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന സംസ്‌കാരത്തോടൊപ്പം പാരസെറ്റമോളിന്റെ ഉപയോഗവും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ പതിവ് ഇനി തുടരരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിക്കുന്നത്.
പാരസെറ്റമോള്‍ ഉള്‍പ്പെടെ 52 മരുന്നുകളാണ് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയിലുള്ളത്. വിറ്റാമിന്‍ സി, D3 ഗുളികയായ ഷെല്‍കെല്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിന്‍ സിയുടെ സോഫ്റ്റ് ജെല്‍, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് നല്‍കുന്ന പാന്‍ഡി, പാരസെറ്റമോള്‍ 500, പ്രമേഹരോഗികള്‍ക്ക് നല്‍കുന്ന ഗ്ലിമിപ്രൈഡ്, ഉയര്‍ന്ന രക്തസമ്മദര്‍മുള്ളവര്‍ക്ക് നല്‍കുന്ന തെല്‍മിസാര്‍ടാന്‍ എന്നിങ്ങനെയാണ് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക.
ഹെറ്റെറോ ഡ്രഗ്‌സ്, അല്‍കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, കര്‍ണാടക ആന്റ്ബയോട്ടിക്‌സ് ആന്റ് ഫാര്‍മസ്യൂട്ടികള്‍ ലിമിറ്റഡ്, മെഗ് ലൈഫ്‌സയന്‍സസ്, പ്യുവര്‍ ആന്റ് ക്യുവര്‍ ഹെല്‍ത്ത് കെയര്‍ തുടങ്ങിയ കമ്പനികളാണ് മേല്‍പ്പറഞ്ഞ മരുന്നുകള്‍ നിര്‍മിക്കുന്നത്.
ആവശ്യമരുന്നുകളുടെ പട്ടികയില്‍പ്പെട്ടവയാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട മരുന്നുകളില്‍ 48 എണ്ണവും.
കുട്ടികളുടെ വയറിലുണ്ടാകുന്ന അണുബാധയ്ക്ക് നല്‍കുന്ന സിപോഡെം എക്‌സ്പി 50 ഡ്രൈ സസ്‌പെന്‍ഷനും പരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ട്. പല മരുന്നുകളിലും ചേര്‍ക്കേണ്ട ഘടകങ്ങള്‍ ചേര്‍ത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഗുണനിലവാര പരിശോധനാ ഫലം തെറ്റാണെന്നാണ് മരുന്നു കമ്പനികളുടെ വാദം. ഓഗസ്റ്റില്‍ നടത്തിയ പരിശോധനയിലും 156 മരുന്നുകളെ അപകടസാധ്യതയുള്ള മരുന്നുകളായി പ്രഖ്യാപിച്ചിരുന്നു.