top news
ബലാത്സംഗ കേസ്; സിദ്ദിഖിന്റെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ട്രയല്‍ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ് നല്‍കി. കാലതാമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് ചോദിച്ചു.
അല്‍പ്പ സമയം മാത്രമാണ് സിദ്ദിഖിന്റെ കേസുമായി ബന്ധപ്പെട്ട വാദം സുപ്രീംകോടതിയില്‍ നടന്നത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എടുത്ത കാലതാമസം സിദ്ദിഖിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. എട്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് 2024ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് എന്ന് കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി. തന്റെ കക്ഷി ഒരു സിനിമ താരമാണെന്ന കാര്യവും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ആരാഞ്ഞത്. ഈ ഘട്ടത്തിലാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും, അതുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളെ കുറിച്ചും രജിസ്റ്റര്‍ ചെയ്ത കേസുകളെ കുറിച്ചുമെല്ലാം വിശദീകരിച്ചത്.