top news

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് യൂത്ത് ലീഗ് മാര്‍ച്ച്

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. പോലീസിനുള്ളിലെ ക്രിമിനല്‍ പശ്ചാത്തലം, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം എന്നിവയിലാണ് പ്രതിഷേധം.

പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളി പ്രതിഷേധിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.മുഖ്യമന്ത്രി രാജിവെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.പ്രതിഷേധം അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അതേസമയം ‘ദ ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യന്‍ ആണെന്നും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ല. ഞാനോ സര്‍ക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജന്‍സിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമര്‍ശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. പിആര്‍ ഏജന്‍സിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിരുന്നില്ല. പത്രത്തിന്റെ വിശദീകരണം തള്ളിപ്പറയാന്‍ തയ്യാറാവാത്തതില്‍ സിപിഐ ഉള്‍പ്പെടെ മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close