top news
അന്‍വറിന്റെ ഡിഎംകെ മോഹം പൊലിയുന്നു, പാര്‍ട്ടിയുമായി ഇടയുന്നവരെ മുന്നണിയിലെടുക്കാന്‍ സാധിക്കില്ലെന്ന് ഡിഎംകെ
ചെന്നൈ: സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അന്‍വര്‍ എംഎല്‍എക്ക് തിരിച്ചടിയായി ഡിഎംകെ പാര്‍ട്ടി അംഗത്വം. ഡിഎംകെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ പാര്‍ട്ടിയില്‍ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പ്രതികരിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടുക്കുമെന്നും ഇളങ്കോവന്‍ വ്യക്തമാക്കി.
അന്‍വറുമായി ചെന്നൈയില്‍ ഡിഎംകെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാല്‍ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തയ്യാറല്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന നേതാവ് സെന്തില്‍ ബാലാജി വഴിയാണ് അന്‍വറിന്റെ നീക്കങ്ങള്‍. എന്നാല്‍ സ്റ്റാലിനുമായി നല്ല ബന്ധം പുലര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാന്‍ നിലവില്‍ ഡിഎംകെ തയ്യാറാകാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍. ചെന്നൈയിലെത്തിയ അന്‍വര്‍ ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാര്‍ട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാന്‍ ചര്‍ച്ച നടത്തിയെന്നും സഹപ്രവര്‍ത്തകന്‍ ഇ.എ സുകുവും വ്യക്തമാക്കി. എന്നാല്‍ മുന്നണിയില്‍ ചേരുന്നതിനെ കുറിച്ച് അന്‍വര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.