KERALAlocaltop news

ട്രെയിന്‍ തീവയ്പ്പ് ; സിമി ബന്ധം മുതല്‍ സിഎഎ സമരം വരെ ഹിറ്റ്‌ലിസ്റ്റിലേക്ക്

ഠ ഒളിയിടം ഒരുക്കിയത് സ്ലീപ്പര്‍സെല്‍ അംഗം ? ഠ 'ഹാര്‍ഡ് കോര്‍ണര്‍' മേഖലയിലെ തിരോധാനത്തില്‍ ആശങ്ക ഠ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു

 

സ്വന്തംലേഖകന്‍

കോഴിക്കോട് : ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖിന് ഷൊര്‍ണൂരില്‍ സഹായം നല്‍കിയവരെ കണ്ടെത്താന്‍ സിമി ബന്ധം മുതല്‍ സിഎഎ സമരം വരെ പരിശോധിച്ച് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍. ഷാരൂഖിന് സ്ലീപ്പര്‍സെല്‍ സഹായം ലഭിച്ചിട്ടുണ്ടാവുമെന്ന സംശയത്തെ അടിസ്ഥാനമാക്കിയാണ് അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്. നേരത്തെ തീവ്രവാദ സ്വഭാവമുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും തീവ്രവാദ കേസുകളില്‍ ഉള്‍പ്പെടുകയും ചെയ്തവരുടേയും മറ്റും വിവരങ്ങളാണ് പരിശോധിക്കുന്നത്. കൂടാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നിരന്തരം ബന്ധം പുലർത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്.

കേരളത്തില്‍ ഷാരൂഖ് ഇതിന് മുമ്പ് എത്തിയിരുന്നില്ലെന്നാണ് വിവിധ ഏജന്‍സികളുടെ നിഗമനം. 15 മണിക്കൂറോളം ഷൊര്‍ണൂരില്‍ ചെലവഴിക്കുകയും പിന്നീട് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്ര തുടരുകയും ചെയ്യുന്നതിന് ഷാറൂഖിന് പ്രാദേശിക സഹായം ആവശ്യമാണ്. ഇത് നല്‍കിയത് ആരെന്നത് കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. രണ്ടാംതിയതി പുലര്‍ച്ചെ 4.30 ന് ഷൊര്‍ണൂരിലെത്തിയ ഷാരൂഖ് രാത്രി 7.17 നാണ് ട്രെയിനില്‍ കയറിയത്. ഇതിനിടെ ആരെല്ലാമായി ആശയവിനിമയം നടത്തിയെന്നത് അവ്യക്തമാണ്.

റെയില്‍വേ സ്‌റ്റേഷന് പരിസരത്തേയും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലേയും മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഷാരൂഖിന്റെ പകല്‍ തിരോധാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാണ്. ഇത് കൂടാതെ ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും മറ്റും പരമാവധി വിവിരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close