കോഴിക്കോട്: കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ നിശ്ചിത ഗർഭകാലം പൂർത്തിയാക്കും മുമ്പേ പിറന്നുവീണവരും അവരുടെ കുടുംബങ്ങളും ഒരുമിച്ച് ചേർന്നു, സങ്കീർണമായ അവരുടെ ജീവിതയാത്ര ആഘോഷിക്കാൻ. ‘ലോക പ്രീമെച്വറിറ്റി ഡേ’ യോടനുബന്ധിച്ച് കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ ഒരുക്കിയ ‘ലിറ്റിൽ വണ്ടേഴ്സ്’ പരിപാടിയിലാണ് പ്രസവസമയത്തെ പ്രയാസങ്ങൾ താണ്ടി നിശ്ചിത സമയത്തിനും മുൻപേ ജീവിതം തേടിയെത്തിയ കുരുന്നുകളും അവരുടെ കുടുംബങ്ങളും ഒന്നിച്ചത്.
ജനിച്ച് വീണപ്പോൾ 26 ആഴ്ച്ച മുതൽ 34 ആഴ്ച്ച വരെ പ്രായമുണ്ടായിരുന്ന കുഞ്ഞുങ്ങളാണ് പരിപാടിയുടെ ഭാഗമായി കുടുംബ സമേതം പങ്കെടുത്തത്.
സ്റ്റാർകെയർ മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ. അബ്ദുല്ല ചെറിയക്കാട്ട് കുട്ടികളുടെ രക്ഷിതാക്കളോട് സംവദിച്ചു. കുഞ്ഞിക്കാല് കാണാൻ കാത്തിരിക്കുന്ന രക്ഷിതാക്കൾക്ക് സമയം എത്തും മുമ്പേ വരുന്ന കുഞ്ഞുങ്ങൾ ഒരേസമയം സന്തോഷവും ആരോഗ്യപരമായ വെല്ലുവിളിയും ഉയർത്തുന്നുണ്ട്. വളർച്ചയുടെ അവസാന ഘട്ടങ്ങൾ പൂർത്തിയാക്കും മുമ്പേ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് അതിനുശേഷവും മികച്ച പരിചരണം അനിവാര്യമാണെന്ന് ഡോ. അബ്ദുല്ല ചെറിയക്കാട്ട് പറഞ്ഞു. പ്രീ മെച്ചർ ആയി തങ്ങളുടെ കൈകളിലേക്ക് ലഭിച്ച കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആദ്യം ഉണ്ടായിരുന്ന ആധികളെക്കുറിച്ചും പിന്നീട് അത് സന്തോഷത്തിലേക്ക് വഴി മാറിയതിനെക്കുറിച്ചും രക്ഷിതാക്കൾ അനുഭവങ്ങൾ പങ്കുവച്ചു.
ഡോ. അക്ബർ ഷെരീഫ് ( സീനിയർ പീഡിയാട്രിക് സർജറി) സംസാരിച്ചു. ഡോ. ജതിൻ പി ( നിയോ നാറ്റോളജി), ഡോ. ഹബീബ് റഹ്മാൻ(ശിശുരോഗ വിഭാഗം) തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി. സ്റ്റാർകെയർ ഹോസ്പിറ്റലിലെ എൻ ആർ പി (നിയോ നാറ്റൽ റീസസ്കീറ്റേഷൻ പ്രോഗ്രാമി)ന്റെ ഭാഗമായുള്ള പരിശീലനം നേടിയ വിവിധ ആശുപത്രികളിൽ നിന്നുള്ള നഴ്സുമാരും എൻ ഐ സി യു ഉൾപ്പെടെ സ്റ്റാർകെയർ ഹോസ്പിറ്റലിൽ നിന്നുള്ള നഴ്സുമാരും പരിപാടിയിൽ പങ്കെടുത്തു.
ഗർഭകാലത്തെയും പ്രസവകാലത്തെയും സങ്കീർണതകളെ മറികടക്കാൻ ദീർഘകാലത്തെ ചികിത്സ തേടുകയും സ്വാഭാവികജീവിതത്തിലേക്ക് എത്തുകയും ചെയ്ത കുട്ടികൾ, അവരുടെ സഹോദരങ്ങൾ, രക്ഷിതാക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.