KERALAlocaltop news

കോഴിക്കോട് നഗരസഭ കൗൺസിൽ ആവശ്യപ്പെട്ട പ്രധാന കാര്യങ്ങൾ പരിഗണിക്കും: ഉറപ്പു നൽകി മന്ത്രി എം ബി രാജേഷ്

കോഴിക്കോട് :

കോഴിക്കോട് നഗരസഭ കൗൺസിൽ ആവശ്യപ്പെട്ട പ്രധാന കാര്യങ്ങൾ പരിഗണിക്കുമെന്ന് വകുപ്പ് മന്ത്രി  എം ബി രാജേഷ് മേയർക്കും പ്രതിനിധി സംഘത്തിനും ഉറപ്പ് നൽകി.

നഗരസഭ ആവശ്യപ്പെട്ട പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും പരിഗണിക്കുമെന്ന് മന്ത്രിയുമായി ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ഉന്നതല ചർച്ചയിൽ ധാരണയായി .
കൗൺസിൽ തീരുമാനപ്രകാരം ആവശ്യപ്പെട്ട ഞെളിയൻ പറമ്പിലെ സോണ്ട കമ്പനിയുമായുള്ള വേസ്റ്റ് ടു എനർജി പ്ലാൻ്റ് കരാറും അതോടൊപ്പം ഉള്ള കോർപ്പറേഷൻ്റെ കരാറും റദ്ദ് ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടു.
പകരമായി കൗൺസിൽ ആവശ്യപ്പെട്ട ശാശ്വതമായ മാലിന്യ സംസ്കരണ പദ്ധതിക്ക് പൊതുമേഖല സ്ഥാപനമായ ബിപിസിഎൽ മായി ചേർന്ന് മുന്നോട്ടുവെച്ച പദ്ധതി കോഴിക്കോട്ട് നടപ്പാക്കാമെന്ന് ധാരണയായി. ഇതിൻ്റെ വേഗത കൂട്ടാനായി ബിപിസിഎൽ അധികൃതരും കോർപ്പറേഷനുമായി അടുത്ത ദിവസം തന്നെ പ്രത്യേക യോഗം ചേരുന്നതിന് ധാരണയായി . ഇപ്പോൾ ഞെളിയൻ പറമ്പിൽ നടന്നുവരുന്ന കോർപ്പറേഷൻ നേതൃത്വത്തിലുള്ളജൈവമാലിന്യ സംസ്കരണ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെ പദ്ധതിക്ക് പുറമേയാണ് ബിപിസിഎല്ലുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നത്.

കോർപ്പറേഷന്റെ മറ്റു പ്രധാനപ്പെട്ട ആവശ്യങ്ങൾ കൂടി പരിഗണിക്കുന്നതിനും ഇന്നത്തെ ചർച്ചയിൽ ധാരണയായി . സരോവരത്തെ സീവേജ് ട്രീറ്റ്മെൻറ് പ്ലാൻ്റും വെസ്റ്റ് ഹില്ലിലെ സീവേജ് ട്രീറ്റ്മെൻറ് പ്ലാൻ്റും വേഗത്തിൽ ആരംഭിക്കുന്നതിന് സർക്കാരിൻ്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും  മന്ത്രി ഉറപ്പു നൽകി. കൂടാതെ കോർപ്പറേഷൻ ഓഫീസിലെ തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനുള്ള കോർപ്പറേഷൻ കൗൺസിലിൻ്റെ ആവശ്യപ്രകാരമുള്ള ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ നടപടി ഒരാഴ്ചക്കകം സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

മെഡിക്കൽ കോളേജ് ബസ് ടെർമിനൽ, പാർക്കിംഗ് പ്ലാസ തുടങ്ങിയ പദ്ധതികൾ ആരംഭിക്കുന്നതിന് ആവശ്യമായ സർക്കാർ തീരുമാനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും ഇന്നത്തെ ചർച്ചയിൽ .മന്ത്രി ഉറപ്പുനൽകി.

നഗരസഭ ആവശ്യപ്പെട്ട കോർപ്പറേഷന്റെ വികസനവുമായി ബന്ധപ്പെട്ട മറ്റു പ്രധാന പ്രശ്നങ്ങളും ആവശ്യങ്ങളും പ്രത്യേകം ചർച്ച ചെയ്യുന്നതിന് വേണ്ടി ജനുവരി ആദ്യവാരം ബഹുമാനപ്പെട്ട മേയറും കോർപ്പറേഷൻ ഉദ്യോഗസ്ഥരും മറ്റു പ്രധാനപ്പെട്ട വകുപ്പ് മേധാവികളും ഉൾപ്പെടെ പ്രത്യേകമായി അ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർക്കുമെന്നും  മന്ത്രി ഉറപ്പ് നൽകി.

മേയർ ഡോ.ബീന ഫിലിപ്പിന് പുറമേ ഡെപ്യൂട്ടി മേയർ . സി.പി. മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ദിവാകരൻ , മരാമത്ത് സ്ഥിരം സമിതി ചെയർമാൻ .പി.സി. രാജൻ, നികുതി അപ്പീൽ സ്ഥിരം സമിതി ചെയർമാൻ . പി. കെ. നാസർ, കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി  ഷെറി തുടങ്ങിയവരാണ്  മന്ത്രിയെ നേരിൽകണ്ട് കോർപ്പറേഷൻ്റെ വിവിധ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close