കോഴിക്കോട് : പൈപ്പിടാൻ കുഴിവെട്ടിയ ഭാഗത്ത് വീണ് സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ നേതാവിന്റെ കാലൊടിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
തുണ്ടിയിൽ യൂസഫിന്റെ കാലാണ് ഒടിഞ്ഞത്. കല്ലാച്ചി ലീഗ് ഹൗസ് പരിസരത്തെ കവലയിൽ പൈപ്പിടാൻ കുഴിവെട്ടിയ ഭാഗത്താണ് അപകടമുണ്ടായത്. കുഴി മൂടി റോഡ് പൂർവ്വ സ്ഥിതിയിലാക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. മാസങ്ങളായി കുഴികൾ നിറഞ്ഞു കിടക്കുകയാണ് ഇവിടെ.
അടുത്ത മാസം കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.