ബെംഗളൂരു: കര്‍ണാടകയിലെ പൂനെ-ബാംഗ്ലൂര്‍ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസ് ഇടിച്ച് പതിമൂന്ന് പേര് മരിച്ചു. പരിക്കുകളോടെ നാല് പേരെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. പതിനൊന്ന് പേര് സംഭവസ്ഥലത്തും രണ്ട് പേര് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഹവേരി ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിന് സമീപം പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. പതിനേഴ് പേരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്.
ശിവമോഗ സ്വദേശികളായ ഇവര്‍ തീര്‍ത്ഥാടനത്തിനായി ബെലഗാവി ജില്ലയിലേക്ക് പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്നു ദിവസത്തെ തീര്‍ഥാടനത്തിന് ശേഷം വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ ശിവമോഗയിലേക്ക് തിരികെ മടങ്ങിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. അപകട കാരണത്തില്‍ പൂര്‍ണ്ണ വ്യക്തത വന്നിട്ടില്ലെങ്കിലും മിനി ബസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മിനി ബസ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.