കോഴിക്കോട് : പി മണികണ്ഠൻ രചിച്ച “എസ്കേപ് ടവർ” എന്ന നോവൽ പ്രവാസത്തിൻ്റെ വൈവിദ്ധ്യമാർന്ന അനുഭവങ്ങൾ വ്യത്യസ്ത തലത്തിൽ ആവിഷ്കരിക്കുന്ന കൃതിയാണെന്ന് കാലിക്കറ്റ് ബുക് ക്ലബ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത എഴുത്തുകാർ അഭിപ്രായപെട്ടു. വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നോവലിൻ്റെ പ്രകാശനം പ്രൊ കെ. ഇ എൻ നിർവ്വഹിച്ചു. ആത്മകഥാപരമായ പ്രവാസ ജീവിതം പ്രമേയമായ നോവലാണ് എസ്കേപ് ടവർ എന്ന് പ്രകാശനം നിർവ്വഹിച്ചു കൊണ്ട് പ്രൊഫ:കെ.ഇ.എൻ പറഞ്ഞു. പ്രവാസികളായ മനുഷ്യരുടെ ജീവൽ പ്രശ്നങ്ങൾ ലോകത്തെല്ലായിടത്തും ഒരു പോലെയാണ്, മണികണ്ഠൻ ആ സമസ്യകളെയാണ് ആവിഷ്കരിക്കുന്നത് എന്ന്,പുസ്തകം ഏറ്റുവാങ്ങി കൊണ്ട് ശ്രീ ഐസക് ഈപ്പൻ അഭിപ്രായപ്പെട്ടു. പ്രവാസ ജീവിതത്തിൻ്റെ വിവിധ വശങ്ങൾ നോവലിസ്റ്റ് ഈ നോവലിൽ ആവിഷ്കരിക്കുന്നുണ്ട്, പാലക്കാടൻ ഗ്രാമീണ ജീവിതവും, മുംബൈയിലെ ചേരി പ്രദേശങ്ങളും, മദ്ധ്യ പൗരസ്ത്യ ദേശത്തിൻ്റെ വികാസ പരിണാമങ്ങളും മണികണ്ഠൻ ചേർത്തുവെക്കുന്നുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ഡോ. പി.കെ പോക്കർ പറഞ്ഞു. കുടിയേറ്റ ജീവിതത്തിൻ്റെ നൊമ്പരങ്ങൾ മനോഹരമായി കണ്ണി ചേർക്കപ്പെട്ട രചനയാണ് എസ്കേപ് ടവർ എന്ന് പി.കെ.പാറക്കടവ് അഭിപ്രായപ്പെട്ടു.. ഡോ എം സി അബ്ദുൾ നാസർ പുസ്തകം പരിചയപ്പെടുത്തി. ഡോമിനി പ്രസാദ്, ഡോ.പി.ശിവപ്രസാദ്, വി.എ.കബീർ, കെ.ജി രഘുനാഥ്, വിൽസൻ സാമുവൽ , ഹരീന്ദ്രനാഥ്.എ.എസ്, ഡോ.എൻ.എം.സണ്ണി തുടങ്ങിയവർ സംസാരിച്ചു.