കോഴിക്കോട് : ഷെയ്ൻ നിഗം നായകനായ ” ഹാൽ ” സിനിമയുടെ ലൊക്കേഷനിൽ സിനിമക്കാർക്ക് നാട്ടുകാരുടെ വക ഓടിച്ചിട്ടടി . വ്യാഴാഴ്ച്ച അർധരാത്രിയോടെ കോഴിക്കോട് മലാപ്പറമ്പ് ഇഖ്റ ആശുപത്രിക്ക് എതിർവശത്തുളള ഷൂട്ടിങ് ലൊക്കേഷനിലാണ് പ്രൊഡക്ഷൻ മാനേജർ അടക്കമുള്ളവർക്ക് നാട്ടുകാരുടെ മർദ്ദനമേറ്റത്. പ്രൊഡക്ഷൻ മാനേജരുടെ മുഖം ലോഹ വള കൊണ്ടുള്ള ഇടിയേറ്റ് ചളുങ്ങി ‘. പേനകത്തി കൊണ്ട് കൈമുട്ടിന് പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രൊഡക്ഷൻ മാനേജർ ആശുപത്രിയിൽ ചികിത്സയിലാണ്. സിനിമക്കാരുടെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. പ്രതികൾക്കായി ഊർജിത അന്വേഷണം തുടരുന്നു. സിനിമയുടെ ആവശ്യത്തിലേക്കായി കോഴിക്കോടുകാരൻ്റെ ബൈക്ക് വാടകക്ക് എടുത്തിരുന്നു. ഇതിൻ്റെ വാടക നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വാടകയായി ബൈക്കിൻ്റെ വിലയേക്കാൾ അധികം ചോദിച്ചതായും നൽകാതിരുന്നതാണ് അക്രമത്തിന് കാരണമെന്നും മർദ്ദനത്തിന് ഇരയായവർ പോലീസിനോട് പറഞ്ഞു. സിനിമക്കാരുടെ സംഘടനയായ അമ്മ പിളർപ്പിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സിനിമക്കാരെ നാട്ടുകാർ കൈകാര്യം ചെയ്ത സംഭവം ചർച്ചയായിട്ടുണ്ട്. ‘ഷെയ്ൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ‘ഹാൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റ് ഇഖ്റ ആശുപത്രിയുടെ എതിർ വശത്തെ വെളിച്ചെണ്ണ മില്ലിന് സമീപമാണ്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയ്ൻ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായാണ് അവകാശപ്പെടുന്നത്. ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് ‘ഹാൽ’. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Check Also
Close-
5000 പേർക്ക് തൊഴിലുമായി കോഴിക്കോട് നഗരസഭയ്ക്ക് വി -ലീഫ്റ്റ് പദ്ധതി
February 17, 2022