കോട്ടയം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു. മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുറന്നുക്കാട്ടിയ ഒന്നായിരുന്നു ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പല പ്രമുഖര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നടന്‍ സിദ്ദിഖിനെതിരെയുള്ള ബലാത്സംഗ കേസില്‍ നടന്‍ ഇപ്പോള്‍ ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഹേമാ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മേക്കപ്പ് മാനേജര്‍ക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊന്‍കുന്നം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി.പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയിരുന്നു.പിന്നാലെ പോലീസിലും പരാതി നല്‍കുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ഒരാള്‍ പോലീസില്‍ പരാതിയുമായെത്തുന്നത്. കൊല്ലം പുയമ്പിളിയിലും, കോട്ടയം പൊന്‍കുന്നത്തും നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.