INDIAKERALAlocaltop news

കത്തോലിക്കാ സഭയിലും ചാതുർവർണ്യം – ഫാ. അജി പുതിയാപറമ്പിൽ

*അൽമായ സിനഡും അരുവിപ്പുറം പ്രതിഷ്ഠയും

എറണാകുളം :                      *അൽമായ സിനഡും അരുവിപ്പുറം പ്രതിഷ്ഠയും*

കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യമായ ഒരേടാണ് 1888 ലെ ശിവരാത്രി നാളിൽ തിരുവനന്തപുരം ജില്ലയിലെ അരുവിപ്പുറത്ത് ശ്രീനാരായണഗുരു നടത്തിയ ശിവപ്രതിഷ്ഠ. അരുവിപ്പുറം പ്രതിഷ്ഠ എന്ന പേരിലാണ് ഈ സാമൂഹ്യവിപ്ലവം അറിയപ്പെടുന്നത്. ഈഴവർക്ക് അമ്പലത്തിൽ പ്രവേശിക്കാനോ അമ്പലത്തിൻ്റെ മുന്നിലെ വഴിയിലൂടെ നടക്കാനോ പോലും അവകാശമില്ലാതിരുന്ന കാലത്താണ് ബ്രാഹ്മണ മേധാവിത്വത്തെയും ചാതുർവർണ്യത്തെയും പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ഈഴവനായ ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്.

കീഴ്ജാതിക്കാരൻ്റെ ഈ ധിക്കാരത്തിൽ ക്ഷുഭിതരായ ബ്രാഹ്മണ്യം പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. അരുവിപ്പുറം പ്രതിഷ്ഠയെ അവർ അധർമ്മം എന്ന് മുദ്രകുത്തി അധിക്ഷേപിച്ചു. കൂടാതെ ഈഴവൻ നടത്തിയ പ്രതിഷ്ഠാകർമ്മം അസാധുവാണെന്നും പ്രഖ്യാപിച്ചു !!! ക്ഷേത്രഭരണത്തിൽ പങ്കാളിത്തമുണ്ടായിരുന്ന നായർ സമൂഹവും പ്രതിഷേധവുമായി രംഗത്ത് വന്നു. പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. എങ്കിലും ശ്രീനാരായണഗുരുവിൻ്റെ നിശ്ചയദാർഢ്യത്തിന് ഒരു കുലുക്കവുമുണ്ടായില്ല. അദ്ദേഹം പറഞ്ഞു : ” ഞാൻ പ്രതിഷ്ഠിച്ചത് ബ്രാഹ്മണ ശിവനെയല്ല;
ഈഴവ ശിവനെയാണ്”. (അരുവിപ്പുറം പ്രതിഷ്ഠ പോലെ ഈ മറുപടിയും ചരിത്രപ്രസിദ്ധമായി).

അരുവിപ്പുറം പ്രതിഷ്ഠയുടെ 137-ാം വർഷം കേരളത്തിൽ നടന്ന സമാനമായ ഒരു സാമൂഹ്യ വിപ്ലവമാണ് *അൽമായ സിനഡ് .* കത്തോലിക്കാ സഭയിലെ സീറോ മലബാർ എറണാകുളം അങ്കമാലി മേജർ അതിരൂപതയിലെ അൽമായ മുന്നേറ്റം എന്ന സംഘടനയുടെ നേതൃത്വത്തിൽ കലൂരിൽ , 2025 ഓഗസ്റ്റ് 15,16 തിയതികളിലാണ് സിനഡ് നടന്നത്.

അരുവിപ്പുറം പ്രതിഷ്ഠയെ ബ്രാഹ്മണ്യം അധിക്ഷേപിച്ചതുപോലെ , അൽമായ സിനഡിനെ കഠിനഭാഷയിൽ അപലപിച്ചും ശപിച്ചും ബിഷപ്പുമാരും രംഗത്ത് വന്നു. ( സീറോ മലബാർ മീഡിയ കമ്മിഷൻ
പത്രപ്രസ്താവന – 15-08-2025). അൽമായ സിനഡിനെ Lay investiture എന്നാണ് മീഡിയ കമ്മിഷൻ മുദ്രകുത്തിയത്. (മധ്യകാലഘട്ടത്തിൽ രാജാക്കൻമാരും ഫ്യൂഡൽ പ്രഭുക്കൻമാരും മെത്രാൻമാരെയും ആശ്രമാധിപൻമാരെയും നിയമിക്കുന്നതിനെയാണ് lay investiture എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്).

അരുവിപ്പുറം പ്രതിഷ്ഠയിൽ അന്നത്തെ ബ്രാഹ്മണ മേധാവിത്വം എങ്ങനെ പ്രതികരിച്ചോ അതിന് ഏറെക്കുറെ സമാനമായിരുന്നു അൽമായ സിനഡിനെക്കുറിച്ചുള്ള ബിഷപ്പുമാരുടെ പ്രതികരണവും.

*എന്തുകൊണ്ടാണ് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുന്നത്?*

സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കുന്നു എന്നതാണ് ലളിതമായ ഉത്തരം. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് കാരണമായത് ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളായിരുന്നു. സമാനമായ സാഹചര്യങ്ങൾ മറ്റു രൂപങ്ങളിൽ കത്തോലിക്കാ സഭയിലും നിലനില്ക്കുന്നുണ്ട്. ഋഗ്വേദത്തിലെ ജാതിവ്യവസ്ഥ (10. 90 പുരുഷസൂക്തം) ഹൈന്ദവരിൽ മാത്രമല്ല, പലരൂപങ്ങളിൽ വിവിധ സമൂഹങ്ങളിലുമുണ്ട്.

കത്തോലിക്കാ സഭയിൽ ജാതിയില്ല. എങ്കിലും ജാതിക്ക് തുല്യമായ 4 ക്ലാസ്സുകൾ അഥവാ വിഭാഗങ്ങളുണ്ട്. വിശദമാക്കാം.

ഒന്നാം വിഭാഗം ബിഷപ്പുമാരാണ്. ചാതുർവർണ്യത്തിലെ ബ്രാഹ്മണ – ക്ഷത്രിയ വിഭാഗങ്ങളോട് സമാനതകളുണ്ട്. അധികാരം പൂർണ്ണമായും ഇവരിൽ കേന്ദ്രീകൃതമാണ്. (നിയമനിർമ്മാണം, ഭരണനിർവ്വഹണം, നീതിന്യായം).

രണ്ടാം വിഭാഗം പുരോഹിതരാണ്. ബിഷപ്പിൻ്റെ പ്രീതി നിലനില്ക്കുന്നിടത്തോളം കാലം അധികാരത്തിൽ കാര്യമായ പങ്കാളിത്തം ഇക്കൂട്ടർക്കുണ്ട്. എന്നാൽ , വ്യക്തിപരമായി അവകാശങ്ങളില്ല. മഹത്വവത്കരിക്കപ്പെട്ട ഗുമസ്തരാണിവർ (Glorified Clerks).

സന്യസ്തരാണ് (സിസ്റ്റേഴ്സ്) മൂന്നാം വിഭാഗം. സഭയിലെ സേവന വിഭാഗമാണിവർ. അധികാരശ്രേണിയിൽ ഒരിടത്തും പങ്കാളിത്തമില്ല. (ചരിത്രത്തിൽ ആദ്യമായി ഒരു സിസ്റ്ററിനെ (Sr. Simona Brambilla) സന്യസ്തർക്കു വേണ്ടിയുള്ള ഡിപ്പാർട്ട്മെൻ്റിൻ്റെ ( ഡിക്കാസ്റ്ററി) തലപ്പത്ത് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത് വലിയ വാർത്തയായിരുന്നു ( 06-01-2025). മഹത്വവത്കരിക്കപ്പെട്ട അടിമകൾ (Glorified Slaves) എന്ന നിലയിലാണ് പലപ്പോഴും മേലധികാരികൾ ഇവരോട് പെരുമാറുന്നത് എന്ന് തോന്നാറുണ്ട്.

നാലാമത്തെ വിഭാഗം അൽമായരാണ്.
കത്തോലിക്കാ സഭയിലെ അധഃസ്ഥിതർ അഥവാ അവർണ്ണ വിഭാഗമാണിവർ. സഭയുടെ സർവ്വ മേഖലകളിലും (അധികാരത്തിൽ, ഭരണനിർവ്വഹണത്തിൽ, തീരുമാനങ്ങൾ എടുക്കുന്നതിൽ) തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ് ഇന്നും ഇക്കൂട്ടർ . അവകാശങ്ങൾ കാര്യമായി ഒന്നുമില്ലെങ്കിലും കടമകൾ ഒരുപാടുണ്ട് താനും. ചോദ്യം ചെയ്യാതെ അനുസരിക്കുക ; സഭയ്ക്കാവശ്യമുള്ള സമ്പത്ത് നല്കുക; സർവ്വോപരി പ്രാർത്ഥിക്കുക എന്നിങ്ങനെയുള്ള ഇവരുടെ കടമകൾ അറിയപ്പെടുന്നത് Pray , Pay , Obey എന്നാണ്.

*ആരാണ് അൽമായ സിനഡിൻ്റെ പ്രചോദനം?*

സിനഡ് ഓൺ സിനഡാലിറ്റി അഥവാ പങ്കാളിത്ത സഭ എന്ന വിപ്ലവകരമായ ആശയത്തിന് ആരംഭം കുറിച്ച ഫ്രാൻസിസ് മാർപാപ്പയാണ് അൽമായ സിനഡിൻ്റെ യഥാർത്ഥ പ്രചോദകൻ. 2021 മുതൽ 2024 വരെ
ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ വത്തിക്കാനിൽ നടന്ന 16-ാം ബിഷപ്സ് സിനഡ് അക്ഷരാർഥത്തിൽ ഒരു വിപ്ലവ സംഭവം ആയിരുന്നു. ചരിത്രത്തിലാദ്യമായി മെത്രാൻമാരോടൊപ്പം 70 അൽമായരാണ് വോട്ടവകാശത്തോടു കൂടി അതിൽ പങ്കെടുത്തത്. അതിൽ 54 പേർ സ്ത്രീകളായിരുന്നു !! പങ്കാളിത്ത സഭയെക്കുറിച്ചാണ് ആ സിനഡ് ചിന്തിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക താല്പര്യത്തിൽ അതിൻ്റെ അന്തിമ രേഖ 2024 ഒക്ടോബർ 26 ന് പുറത്തിറങ്ങി.

മുഴുവൻ ദൈവജനത്തിനും തുല്യ അവകാശങ്ങളും പങ്കാളിത്തവും ഉള്ള സഭയെക്കുറിച്ചാണ് ആ രേഖ സംസാരിക്കുന്നത്. എന്നു പറഞ്ഞാൽ അധികാരത്തിലും ഉത്തരവാദിത്വങ്ങളിലും നയരൂപീകരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലുമെല്ലാം മുഴുവൻ ദൈവജനത്തിനും പങ്കാളിത്തമുള്ള സഭ.

അൽമായ സിനഡ് ഒരു തുടക്കമാണ്.
*വിശ്വാസികളായ സ്ത്രീകളും പുരുഷൻമാരും സിസ്റ്റേഴ്സും വൈദികരും ബിഷപ്പുമാരും സീറോ മലബാർ സഭയുടെ ആസ്ഥാനമായ സെൻ്റ് തോമസ് മൗണ്ടിലെ സിനഡ് ഹാളിൽ ഒരുമിച്ചിരിക്കുന്ന കാലം അതിവിദൂരമല്ല*. മാത്രമല്ല, റോമിലെ സിസ്റ്റൈൻ ചാപ്പലിൽ മുഴുവൻ ദൈവജനത്തിൻ്റെയും പ്രതിനിധികൾ (അൽമായർ, സിസ്റ്റേഴ്സ്, വൈദികർ, ബിഷപ്പുമാർ) ഒന്നിച്ചിരുന്ന് മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കാലവും കടന്നു വരും. സംശയമില്ല !!

ഫാ. അജി പുതിയാപറമ്പിൽ
26-08-2025

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close