Politics
യു ഡി എഫ് അധികാരത്തിൽ വന്നാൽ പത്രപ്രവർത്തക പെൻഷൻ കാലോചിതമായി വർധിപ്പിക്കും – എം.കെ. രാഘവൻ എം.പി
യു ഡി എഫ് അധികാരത്തിൽ വന്നാൽ പത്രപ്രവർത്തക പെൻഷൻ കാലോചിതമായി വർധിപ്പിക്കും – എം.കെ. രാഘവൻ എം.പി കോഴിക്കോട് : വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ പത്രപവർത്തക പെൻഷൻ കാലോചിതമായി വർധിപ്പിക്കുമെന്ന് എം.കെ രാഘവൻ എം.പി. ” അതിനായി മനുഷ്യസാധ്യമായ എന്തും ഞാൻ ചെയ്യുമെന്ന് നിങ്ങൾക്ക് വാക്കുതരുന്നു – സീനിയർ ജേണലിസ്റ്റ് ഫോറം കേരളം കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുപ്പതും അതിലധികവും കൊല്ലക്കാലം ഈ നാടിൻ്റെ വികസനത്തിനും നന്മയ്ക്കുമായി തൂലിക ചലിപ്പിച്ചവരാണ് നിങ്ങൾ. അത്തരമൊരു സമൂഹത്തെ ഇങ്ങനെ അവഗണിക്കുന്നത് ശരിയല്ല. ഒരസുഖം വന്ന് ആശുപത്രിയിൽ അഡ്മിറ്റിയാൽ ഈ പെൻഷൻ തുക കൊണ്ട് എങ്ങനെ താങ്ങാനാകും. പെൻഷൻ വർധിപ്പിക്കാൻ എന്നാലാവത് ചെയ്ത് അത് നടപ്പാക്കിക്കും – രാഘവൻ വ്യക്തമാക്കി.
അടുത്ത ബജറ്റിൽ പത്രപ്രവർത്തക പെൻഷൻ 15,000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും ആശ്രിത പെൻഷൻ നിലവിലുള്ള പെൻഷൻ്റെ പകുതിയാക്കി വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് പി.പി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. സുധീന്ദ്രകുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സീനിയർ ജേണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എൻ.പി ചെക്കുട്ടി, സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡൻ്റ് അലക്സാണ്ടർ സാം , രക്ഷാധികാരി സി.എം കൃഷ്ണ പണിക്കർ, ജനറൽ സെക്രട്ടറി കെ.പി വിജയകുമാർ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി. മുഹമ്മദ്, സീനിയർ ജേണലിസ്റ്റ്സ് ഫോറം വൈസ് പ്രസിഡൻ്റ് ഹരിദാസൻ പാലയിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് അശോക് ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.



