National
ബംഗാളിൽ സുവേന്ദു യുഗം: മമതയുടെ ബദ്ധവൈരി ഇനി മുഖ്യമന്ത്രി പദത്തിലേക്ക്; പോരാട്ടവീര്യത്തിന് അംഗീകാരം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ബ്രിഗേഡ് ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നത്. വലിയ ആവേശത്തോടെയാണ് ബംഗാള്‍ ജനത സുവേന്ദുവിനെ വരവേറ്റത്. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു .നരേന്ദ്രമോദി, അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിട്ടുണ്ട്. തൃണമൂല്‍കോണ്‍ഗ്രസിന്റെ കോട്ടകള്‍ തകര്‍ത്ത് ബിജെപി യെ വിജയത്തിലേക്ക് നയിച്ച സുവേന്ദുവിന്റെ കരുത്തിന് പാര്‍ട്ടി നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമാണിത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബംഗാള്‍ രാഷ്ടീയത്തില്‍ ബിജെപിയുടെ കുന്തമുനയായിരുന്നു സുവേന്തു അധികാരി.മരുമകന്‍ അഭിഷേക് ബാനര്‍ജിയെ മമത പാര്‍ട്ടിയിലെ രണ്ടാമനാക്കിയതിനു പിന്നാലെയാണ് സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. സുവേന്ദു അധികാരി അധികാരമേൽക്കുന്നതോടെ ബംഗാൾ രാഷ്ട്രീയം കൂടുതൽ നാടകീയമായ സംഭവങ്ങൾക്കായിരിക്കും സാക്ഷ്യം വഹിക്കുക. മമതയുടെ എല്ലാ തന്ത്രങ്ങളും പയറ്റിത്തെളിഞ്ഞ സുവേന്ദു മുഖ്യമന്ത്രിയാകുന്നത് തൃണമൂൽ കോൺഗ്രസിന് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. വരും ദിവസങ്ങളിൽ ഭരണതലത്തിലും രാഷ്ട്രീയ തലത്തിലും വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് സൂചന




