
കോഴിക്കോട് : കോഴിക്കോട് സിറ്റി പോലീസ് കമീഷണറായി എ.പി ഷൗക്കത്തലിയെ നിയമിച്ച സർക്കാർ നടപടി കോഴിക്കോട് സിറ്റി പോലീസിന് കീറാമുട്ടിയാകുമെന്ന് ആശങ്ക. കർക്കശക്കാരനും മുഖം നോക്കാതെ നടപടിയെടുക്കുന്നതിൽ കർശനക്കാരനുമാണ് ഷൗക്കത്തലി എന്നതാണ് കാരണം. കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതൃത്വത്തിൻ്റെയും പോലീസ് അസോസിയേഷൻ്റേയും ചരടുവലിക്ക് നിന്നു കൊടുക്കാത്തതിനാൽ എത്രനാൾ ഷൗക്കത്തലി കമീഷണർ കസേരയിൽ ഉണ്ടാവും എന്നതാണ് പോലിസും രാഷ്ട്രീയക്കാരും ഉറ്റുനോക്കുന്നത്. ഭരണകക്ഷിയുടെയും പോലീസ് അസോസിയേഷൻ്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഒരാൾക്ക് കമീഷണർ കസേരയിൽ തുടരാനാവില്ല. ഇല്ലെങ്കിൽ മുൻ കോഴിക്കോട് സിറ്റി പോലീസ് കമീഷണർ ജെ.ജയനാഥിനുണ്ടായ അനുഭവം ആവർത്തിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അന്ന് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു നേരെ ബോംബേറ് ഉണ്ടായതിലെ അന്വേഷണമാണ് ചുമതലയേറ്റ് മാസങ്ങൾക്കകം ജയനാഥിൻ്റെ കസേര തെറുപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.മോഹനനെ കൊലപ്പെടുത്താൻ രാഷ്ട്രീയ എതിരാളികൾ ബോബെറിഞ്ഞു എന്നായിരുന്നു പരാതി. സംഭവം നടന്നയുടൻ സ്ഥലത്ത് പരിശോധന നടത്തിയ ജയനാഥ് ചില സംശയങ്ങൾ ഉന്നയിച്ചു. ഇടവഴി അവസാനിക്കുന്ന പാർട്ടി ഓഫീസിൽ ആരും കാണാതെ കടന്നുചെല്ലാൻ കഴിയില്ലെന്നും മുറ്റത്തെ മാവിൽ തട്ടിവീണ ബോംബ് പുറമെ നിന്നല്ല എറിഞ്ഞതെന്നും കണ്ടെത്തിയ അദ്ദേഹം ആ നിലയ്ക്ക് അന്വേഷണം തുടർന്നു. ഇത് മണത്തറിഞ്ഞ രാഷ്ട്രീയ നേതൃത്വം ഉടൻ ഇടപെടുകയും ജയനാഴിനെ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥലം മാറ്റുകയുമായിരുന്നു. പിന്നീട് ഇതുവരെ അദ്ദേഹത്തിന് ക്രമസമാധാന പാലന ചുമതല ലഭിച്ചിട്ടില്ല. ടി.പി ചന്ദ്രശേഖരൻ വധകേസിൽ ദുർഘടമാകുമെന്ന് കരുതിയ അറസ്റ്റുകൾ നടപ്പാക്കാൻ അന്ന് സംഘത്തലവനായിരുന്ന അനൂപ് കരുവിള ജോൺ ധൈര്യശാലിയായ ഷൗക്കത്തലിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തുടർന്ന് പാർട്ടി ഗ്രാമത്തിലെ മുടക്കോഴി മലയിൽ കടന്ന് ചെന്ന് കൊടിസുനിയടക്കം മുഖ്യപ്രതികളെ ഷൗക്കത്തലിയും സംഘവും പിടികൂടി. പിന്നാലെ നടുറോഡിൽ വാഹനം തടഞ്ഞ് ജില്ലാ കമ്മറ്റി അംഗമായിരുന്ന പി.മോഹനൻ മാസ്റ്ററെയും അറസ്റ്റ് ചെയ്തു ഇതോടെ സിപിഎമ്മിന് കടുത്ത വിരോധിയായി മാറിയ ഷൗക്കത്തലിയെ ഇടതു ഭരണം നടന്ന 10 വർഷവും മാറ്റി നിർത്തി. ഭരണമാറ്റം ഉണ്ടായയുടൻ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ യിൽ ഡെപ്യൂട്ടേഷനിൽ പോയ അദ്ദേഹം വർഷങ്ങൾക്ക് ശേഷമാണ് കേരള പോലീസിൽ മടങ്ങിയെത്തിയത്. ഈ കാലയളവിൽ സോഫ്‌റ്റ് വെയറിലടക്കം കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ മാറ്റങ്ങൾ പഠിച്ചെടുക്കാവുന്നതേ ഉള്ളൂവെങ്കിലും ശിപാർശകൾ സ്വീകരിക്കാത്ത കർശന നിലപാട് ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങാൻ ഇടയുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കോൺഗ്രസിലേയും മുസ്‌ലിം ലീഗിലേയും ജില്ലാ നേതാക്കൾ, എം എൽ എമാർ എന്നിവരുടെ ശിപാർശ അംഗീകരിക്കാതെ വരുമ്പോൾ കമീഷണർ പദവിയിൽ പ്രതിസന്ധി ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപെടുന്നു. ഭരണാനുകൂല സംഘടനയായ പോലീസ് അസോസിയേഷന് വഴങ്ങാതെ സംസ്ഥാന പോലീസ് മേധാവിക്ക് പോലും ജോലിയിൽ തുടരാനാവില്ല എന്നിരിക്കെ ” പറഞ്ഞാൽ കേൾക്കാത്ത ” ഷൗക്കത്തലി വന്നാൽ അസോസിയേഷൻ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉണ്ട്. കമീഷണറുടെ തഴെയുള്ള ഡെപ്യൂട്ടി കമീഷണർ ഡയരക്ട് ഐപിഎസുകാരനാണ്. ഇദ്ദേഹത്തിന് മുകളിൽ കൺഫേംഡ് ഐപിഎസുകാരൻ വന്നാൽ അത് തൊഴുത്തിൽ കുത്തിന് കാരണമാകുമെന്നാണ് മറ്റൊരു വിലയിരുത്തൽ. കൺഫേം ഡ് ഐ പി എസുകാരനായ എ.വി. ജോർജ് മുൻപ് ദീർഘകാലം കോഴിക്കോട് കമീഷണറായിരുന്നിട്ടുണ്ട്. അത്രക്കങ്ങ് കർശനക്കാരനല്ലാത്ത അദ്ദേഹം ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നു. ആ സമീപനം കർക്കശക്കാനായ ഷൗക്കത്തലിയിൽ നിന്ന് ആരും പ്രതീക്ഷികേണ്ടതില്ല എന്നാണ് പോലീസിലെ തന്നെ ഉപശാലാ സംസാരം.




