
വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്.ഒരു മഹാദുരന്തം ബാക്കിവെച്ച നിശബ്ദതയ്ക്ക് മുന്നില്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും വിറങ്ങലിച്ചുനില്‍ക്കുകയാണ് നമ്മള്‍ഓരോരുത്തരും . 2024 ജൂലൈ 30-ന് പുലര്‍ച്ചയോടെയാണ് വയനാടന്‍ ഗ്രാമങ്ങള്‍ക്കുമേല്‍ ആ ദുരന്തം ഉണ്ടായത്്. ഉരുളന്‍ കല്ലുകളില്‍ മനുഷ്യരക്തം പടര്‍ന്ന ആ ദിവസം പുലര്‍ന്നത് ഒരു ജീവിതകാലം കൊണ്ട് മറികടക്കാന്‍ കഴിയാത്ത വേദനയിലേക്കാണ്.
ചാലിയാര്‍ പുഴയിലൂടെ ഒഴുകിപ്പോയ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറമാണ് കണ്ടെത്തിയത്. ആരൊക്കെ എവിടെയൊക്കെ കുടുങ്ങിക്കിടക്കുന്നുവെന്ന് മനസ്സിലാക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. മേപ്പാടി ആശുപത്രിയിലെ മോര്‍ച്ചറിക്ക് മുന്നില്‍ പ്രിയപ്പെട്ടവരെ തിരഞ്ഞെത്തിയ ബന്ധുക്കളുടെ കാഴ്ച അതിഭീകരമായിരുന്നു. പ്രതീക്ഷയും കണക്കുകൂട്ടലുമായി ഉറങ്ങാന്‍ കിടന്നവരില്‍ പലരും പിന്നീട് ഉണര്‍ന്നിരുന്നില്ല. ഭീതിയുടെയും കണ്ണീരിന്റെയും മരവിപ്പുകള്‍ ബാക്കിവെച്ച മഹാദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളിലാണ് ഒരു നാടും ജനതയും ജീവിക്കുന്നത്. രണ്ട് വര്‍ഷം പോയിക്കഴിഞ്ഞപ്പോള്‍ മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും ജനതയ്ക്ക് ഇത് അതിജീവനത്തിന്റെ കാലമാണ്.




