
കൊച്ചി:
ഭരണാധികാരിയുടെ ഭക്ഷണ പാത്രത്തിലേയ്ക്ക് നോക്കിയിരുന്ന് വിഭവങ്ങളുടെ എണ്ണമെടുക്കലല്ല പ്രതിപക്ഷ ധർമ്മം. ഭരണത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും പിഴവുകൾ ചൂണ്ടിക്കാണിക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നതാകണം യഥാർത്ഥ പ്രതിപക്ഷ ദൗത്യം. സർക്കാരിൻ്റെ കണ്ണെത്താത്ത ഇടങ്ങളെയും ശ്രദ്ധിക്കുന്ന മൂന്നാം കണ്ണായി വേണം പ്രതിപക്ഷം പ്രവർത്തിക്കാൻ. അങ്ങനെ ചെയ്യുമ്പോഴാണ് പ്രതിപക്ഷം യഥാർത്ഥ ജനപക്ഷമായി മാറുന്നത്. അല്ലാതെ മറ്റുള്ളവരുടെ ഭക്ഷണപാത്രത്തിലേയ്ക്ക് മാത്രം നോക്കി കണക്കെടുപ്പ് നടത്തുന്നതിനെ രാഷ്ട്രീയ അല്പത്തമായി മാത്രമേ പൊതുസമൂഹം വിലയിരുത്തുകയുള്ളൂ.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരു വിവാഹത്തിൽ പങ്കെടുത്തതും അവിടെ നിന്ന് ഭക്ഷണം കഴിച്ചതുമാണ് പ്രതിപക്ഷത്തിൻ്റെ ഏറ്റവും വലിയ ദുരിതകാല പ്രശ്നം. മുൻകൂട്ടി നിശ്ചയിച്ച ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതോ അവിടെ വിളമ്പുന്ന ഭക്ഷണം കഴിക്കുന്നതോ ഒക്കെ സാധാരണ മര്യാദയുടെ ഭാഗമാണ്. അസാധാരണമായി അതിൽ ഒന്നുമില്ല. ഭരണാധികാരിക്കും പൊതുപ്രവർത്തകർക്കുമെല്ലാം ഒരേ ദിവസം തന്നെ വ്യത്യസ്ത തരത്തിലുള്ള (മരണം, വിവാഹം, വിജയാഘോഷം) പരിപാടികളിൽ പങ്കെടുക്കേണ്ടി വരും. വിവാഹ വീട്ടിൽ മരണവീട്ടിലെപ്പോലെയും മരണവീട്ടിൽ വിവാഹ വീട്ടിലെപ്പോലെയും പെരുമാറാതിരുന്നാൽ മാത്രം മതി.
ദുരിതാശ്വാസം, പുനരധിവാസം, ഭാവി പദ്ധതികൾ ഇങ്ങനെ
ഒട്ടനവധി കാര്യങ്ങളെ കുറിച്ച് ഗൗരവമായി ചർച്ച ചെയ്യേണ്ട സമയമാണിത്. അതിനുപകരം ഒരു ഭക്ഷണ പാത്രത്തെപ്പറ്റി മാത്രം ചിന്തിക്കുന്നതിലെ അനൗചിത്യം പ്രതിപക്ഷം ഇനിയെങ്കിലും മനസ്സിലാക്കണം.
ഫാ. അജി പുതിയാപറമ്പിൽ
(02-08-2026)




