crimeKERALAlocalOthersPoliticstop newsVIRAL

അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ ‘റോളക്സ്’ പിടിയിൽ; 17-കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

 

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ സാഖേഷ് എന്ന സാഗേഷ് കുമ്പാളി ഒടുവിൽ പോലീസിന്റെ പിടിയിൽ. ഒന്നര മാസത്തോളം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വയനാട് സുൽത്താൻ ബത്തേരിയിലെ ഗ്രാൻഡ് ഒപ്പൈറ റിസോർട്ടിൽ നടത്തിയ അതീവ സാഹസിക നീക്കത്തിലൂടെയാണ് എലത്തൂർ പോലീസ് പിടികൂടിയത്.

എലത്തൂർ ഇൻസ്പെക്ടർ  കെ ആർ രഞ്ജിത്തിന്റെയും, സബ് ഇൻസ്‌പെക്ടർ ഹാരിഷ് കുമാർ വി ടി യുടെയും നേതൃത്വത്തിലുള്ള സംഘമാണ് 8.08.2026 തിയതി പുലർച്ചെ 02.00മണിക്ക് വനമേഖലക്കടുത്തുള്ള റിസോർട്ട് വളഞ്ഞ് പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും പോലീസ് മതിയായ ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

15-ഓളം കേസുകളിൽ പ്രതിയായ സഖേഷ് കൂമ്പളി
പത്ത് വർഷം മുൻപ് കഞ്ചാവ് കൈവശംവെച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ലഹരി കൈവശംവെച്ചത്, ലഹരി ഉപയോഗം, വധശ്രമം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളുമാണ് ഇയാൾ.

സോഷ്യൽ മീഡിയയിലൂടെ സ്കൂൾ വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് പിന്നീട് പ്രണയം നടിച്ച് വിവിധ ലോഡ്ജുകളിലും റസിഡൻസികളിലും എത്തിച്ച് ലഹരി നൽകുകയും ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ലഹരിക്ക് അടിമകളാക്കിയ പെൺകുട്ടികളെ പിന്നീട് ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചതായും മറ്റുള്ളവർക്ക് കൈമാറിയതായും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്

റോളക്സ്’ മോഡൽ; സോഷ്യൽ മീഡിയയിൽ ഡോൺ ഇമേജ്

തമിഴ് സിനിമയിലെ ‘റോളക്സ്’ എന്ന കഥാപാത്രത്തിന്റെ മാതൃകയിൽ സ്വയം ഒരു ഡോൺ എന്ന പ്രതിച്ഛായ സൃഷ്ടിച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്

‘റോളക്സ്’ മാതൃകയിലുള്ള സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉപയോഗിക്കുകയും യുവാക്കളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരും മാർഷൽ ആർട്സ്, ജിം മേഖലകളുമായി ബന്ധപ്പെട്ട യുവാക്കളും ഉൾപ്പെടെയുള്ളവരെ ലഹരി നൽകി സ്വാധീനിച്ചിരുന്നതായും മനസിയിലായ്യിട്ടുണ്ട്.

ഒരു പെൺകുട്ടിയുടെ രക്ഷപ്പെടലിൽ പുറത്തുവന്ന ക്രൂരതകൾ

പ്രതിയുടെ ക്രൂര പീഡനത്തിനിരയായ ഒരു പെൺകുട്ടി രക്ഷപ്പെട്ട് എലത്തൂർ പോലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാളുടെ ലഹരി ഇടപാടുകളുടെയും പെൺകുട്ടികളെ ചൂഷണം ചെയ്തതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

പ്രതിയെ പിടികൂടുന്നതിനായി കുണ്ടുപറമ്പിലെ ഇയാളുടെ കുടുംബവീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ മതിയായ രേഖകളില്ലാതെ പിസ്‌റ്റോളും വടിവാളുകളും കണ്ടെത്തിയിരുന്നു.

സിം മാറ്റി, വാട്സ്ആപ്പ്-ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മാറ്റി; പോലീസിനെ വെട്ടിക്കാൻ ‘ഡിജിറ്റൽ ഒളിത്താവളം’

പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിയാൻ പ്രതി നിരന്തരം സിം കാർഡുകളും വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും മാറ്റിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വൈഫൈ ഡോങ്കിൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മാത്രം ബന്ധപ്പെടുകയും കൂടുതൽ സമയവും കാറിൽ യാത്ര ചെയ്തുകൊണ്ട് താമസസ്ഥലം മാറ്റുകയും ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ’ മുതൽ ‘ഓപ്പറേഷൻ റോളക്സ്’ വരെ

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലി എ. പി. യുടെ നേതൃത്വത്തിൽ നടന്ന ശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സാഗേഷിന്റെ ശൃംഖലയിലെ നിരവധി കണ്ണികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കുണ്ടുപറമ്പിൽ മയക്കുമരുന്ന് കൈവശംവെച്ച കേസിൽ ഇയാളുടെ പങ്കാളിയെയും, RJ റസിഡൻസിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ലഹരി ശൃംഖലയിലെ മറ്റ് പങ്കാളികളെയും എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ അടുത്ത സുഹൃത്തും ലഹരി ഇടപാടിലെ പങ്കാളിയുമായ ‘താടിക്കിരൺ’ ഉൾപ്പെടെയുള്ളവരെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലും അറസ്റ്റ് ചെയ്തതോടെ സാഗേഷ് കോഴിക്കോട് സിറ്റി വിട്ട് ഒളിത്താവളം മാറ്റുകയായിരുന്നുവെന്നു

നൂറുകണക്കിന് മൊബൈൽ നമ്പറുകൾ പരിശോധിച്ച് നീക്കങ്ങൾ പിന്തുടർന്നു

കോഴിക്കോട് ടൗൺ ACP ആയി തിരിച്ചെത്തിയ അഷ്റഫ് ടി. കെ യുടെ നിർദ്ദേശപ്രകാരം ‘ഓപ്പറേഷൻ റോളക്സ്’ എന്ന പേരിൽ എലത്തൂർ പോലീസും സൈബർ സെല്ലും സംയുക്തമായി അന്വേഷണം ശക്തമാക്കി.

നൂറുകണക്കിന് മൊബൈൽ നമ്പറുകളുടെ കോളുകളും ഡാറ്റാ ഉപയോഗവും പരിശോധിച്ച് പ്രതിയുടെ ഡിജിറ്റൽ നീക്കങ്ങൾ പിന്തുടർന്നാണ് ഒടുവിൽ ഇയാൾ വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചത്.

തുടർന്ന് 2കിലോമീറ്റർ നടന്ന് വനമേഖലക്കടുത്തുള്ള സുൽത്താൻ ബത്തേരിയിലെ റിസോർട്ട് പുലർച്ചെ വളഞ്ഞ പോലീസ് സംഘം അതീവ രഹസ്യമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.

ആയുധവുമായി പോലീസിനെ നേരിട്ടു; ഒടുവിൽ കീഴടങ്ങി

പോലീസ് സംഘം പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

സാഗേഷിന്റെ അറസ്റ്റോടെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി ശൃംഖലയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കൂടുതൽ പെൺകുട്ടികൾ ഇരകളായിട്ടുണ്ടോ? അന്വേഷണം വ്യാപിപ്പിക്കും

RJ റസിഡൻസി, കാലിക്കറ്റ് റസിഡൻസി തുടങ്ങിയ സ്ഥാപനനടത്തിപ്പുകാരുമായി പ്രതിയുടെ ബന്ധം, ഇയാൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചുനൽകിയിരുന്ന സംഘങ്ങൾ, കൂടാതെ ഇയാളുടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എലത്തൂർ പോലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.

പ്രതിയുടെ മൊബൈൽ ഫോണുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, ബന്ധപ്പെടുന്ന വ്യക്തികൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കും. ഇതോടെ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി ശൃംഖലയുടെ കൂടുതൽ കണ്ണികൾ പുറത്തുവരുമെന്നാണ് പോലീസ് വിലയിരുത്തൽ.

അന്വേഷണ സംഘത്തിൽ

എലത്തൂർ പോലീസ് ഇൻസ്പെക്ടർ **രഞ്ജിത്ത് കെ. ആർ.**യുടെ നേതൃത്വത്തിൽ SI ഹരീഷ് കുമാർ, GASI ജയേഷ്, SCPOമാരായ നിജിലേഷ്, പ്രശാന്ത്, അതുൽ, CPOമാരായ സുജിത്ത് കുമാർ, വിഷ്ണുലാൽ, ലജിഷ, ശ്രുതി, വൈശാഖ്, അനീഷ് ആർ പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണവും തുടർനടപടികളും നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close