
കൊല്ലം: 1988 ല്‍ 105 പേര് കൊല്ലപ്പെട്ട പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന്റെ കണ്ണീര്‍ക്കാഴ്ച. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തിരുവനന്തപുരത്തേക്കു പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുംബ സമേതം ട്രെയിന്‍ കാത്തുനില്ക്കുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട്. പത്നി കല്യാണിക്കുട്ടിയമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് വാവിട്ടു കരയുന്ന മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരനെ സാന്ത്വനിപ്പിക്കുന്ന മകന് മുരളീധരന്. അവിസ്മരണീയ ചരിത്ര മുഹൂര്‍ത്തങ്ങളെ ഒപ്പിയെടുത്ത അത്യപൂര്‍വ വാര്‍ത്താ ചിത്രങ്ങളുടെ പ്രദര്‍ശനമായ ‘ഫീല്‍ ദ മൊമന്റ്; കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. 11 നു വൈകുന്നേരം വരെ പ്രദര്‍ശനം തുടരും.
കോവളത്ത് വിവസ്ത്രനായി സമുദ്രസ്നാനം ചെയ്യുന്ന മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായി. ലോക്കപ്പിന്റെ ഇരുമ്പുകമ്പി ഗ്രില്ലില്‍ കാലുകള്‍ നിലത്തു തൊട്ടനിലയില് തൂങ്ങിക്കിടന്ന കുഞ്ഞിവി പോലീസ് പറഞ്ഞിരുന്നതുപോലെ തൂങ്ങിമരിച്ചതല്ലെന്നും കെട്ടിത്തൂക്കിയതാണെന്നും തെളിയിക്കുന്ന അത്യപൂര്‍വ ഫോട്ടോ. ഏറെക്കാലത്തെ ഒളിജീവിതത്തിനുശേഷം പോലീസ് അറസ്റ്റു ചെയ്ത് ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന പഴയ നക്സല്‍ നേതാവ് അജിത. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നിലത്തിരിക്കുന്ന സി. അച്യുതമേനോന്. അനന്തമായ ക്വാറി മടകള്ക്കിടയിലെ വരമ്പുറോഡിലൂടെ പാറക്കല്ലുകള്‍ നിറച്ച ലോഡുമായി പോകുന്ന ലോറിയുടെ ആകാശക്കാഴ്ച. 1992 ഡിസംബര്‍ ആറിനു അയോധ്യയില്‍ ബാബറി മസ്ജിദിനു മുകളിലെ മിനാരം തകര്‍ക്കുന്ന കര്‍സേവകര്‍.
കേരളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫറും ഇന്ത്യയിലെ രണ്ടാമത്തെ വനിതാ പ്രസ് ഫോട്ടോഗ്രാഫറും അടക്കം പ്രഗല്ഭരായ അറുപതിലേറെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അമൂല്യങ്ങളായ വാര്‍ത്താ ചിത്രങ്ങള്‍. മണ്മറഞ്ഞുപോയ ഫോട്ടോഗ്രാഫര്‍മാര്‍ ഒപ്പിയെടുത്ത ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.
സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള പതിമ്മൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഫോട്ടോ പ്രദര്‍ശനം ‘ഫീല്‍ ദ മൊമെന്റ്’ എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു. നൗഷാദ് യൂനസ് അധ്യക്ഷത വഹിച്ചു. പി. മുസ്തഫ, ദത്തന് പുനലൂര്‍, വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി. കെ രാമകൃഷ്ണന്, പ്രദീപ് ആശ്രാമം, ഡി. വേണഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടര്‍ സാം, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ എസ്. സുധീശന്‍, നേതാക്കളായ ഡോ. നടുവട്ടം സത്യശീലന്, കെ. സുന്ദരരേശന്‍, ഹക്കിം നട്ടാശേരി, ഹരിദാസന് പാലായില്‍, സണ്ണി ജോസഫ്, ഫ്രാങ്കോ ലൂയിസ്, എം ബലീന ,പി. ഒ തങ്കച്ചൻ ,എം.എ മജീദ്, ഡി. വേണുഗോപാല്‍, സി.പി. രാജശേഖരന്,
കൊല്ലം മോഹന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സമ്മേളനം നാളെ (തിങ്കള്‍) വൈകുന്നേരം നാലിന് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎല്‍എമാരായ കെ.എന്‍. ബാലഗോപാല്‍, ബി.ബി. ഗോപകുമാര്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം 5.30 നു മാധ്യമ സെമിനാര്‍ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.




